പാരിസ്: ലോകപ്രശസ്തമായ ഫ്രാൻസിലെ ലൂവർ മ്യൂസിയത്തിൽ നിന്ന് നെപ്പോളിയൻ കാലഘട്ടത്തിലെ കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. മോഷണത്തെ തുടർന്ന് താൽക്കാലികമായി മ്യൂസിയം അടച്ചിട്ടു. മോണാലിസെ പെയിന്റിംഗ് ഉൾപ്പെടെ അതീവ പ്രാധാന്യമുള്ള ചരിത്ര വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയമാണ് ലൂവർ. ഇവിടെ അപ്പോളോ ഗാലറിയിൽ സൂക്ഷിച്ചിരുന്ന 'നെപ്പോളിയൻ ആൻഡ് ദി എംപ്രസ്' എന്ന ആഭരണശേഖരത്തിൽ നിന്ന് ഏകദേശം ഒമ്പത് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മ്യൂസിയത്തിന് പുറത്ത് നിന്ന് മോഷ്ടിക്കപ്പെട്ട ഒരു രത്നം പിന്നീട് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഹൈഡ്രോളിക് ഗോവണി ഉപയോഗിച്ച് മ്യൂസിയത്തിന് ഉള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ വിലമതിക്കാനാകാത്ത തരം ആഭരണങ്ങൾ മോഷ്ടിച്ചെന്ന് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രി ലോറന്റ് നുനസ് പറഞ്ഞു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് മോഷണം നടന്നത്. മ്യൂസിയത്തിലെ നിർമ്മാണത്തിലിരിക്കുന്ന ഭാഗത്തുകൂടിയാണ് മോഷ്ടാക്കൾ അപ്പോളോ ഗാലറിയിലേക്ക് നുഴഞ്ഞു കയറിയത്. ആ സമയം അവിടെ ഫ്രഞ്ച് ക്രൗൺ ആഭരണങ്ങളുടെ പ്രദർശനം നടക്കുകയായിരുന്നു. ഡിസ്‌ക് കട്ടറുകൾ ഉപയോഗിച്ച് ജനൽച്ചില്ലുകൾ തകർത്താണ് മോഷ്‌ടാക്കൾ അകത്ത് കടന്നത്. ഏകദേശം ഏഴു മിനിറ്റുകൾക്കിടയിലാണ് മോഷണം നടന്നത്.
പാരിസ് പ്രോസിക്യൂട്ടേഴ്സ് ഓഫീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണെന്ന് ഫ്രാൻസിന്റെ സാംസ്കാരിക മന്ത്രി റാച്ചിദ ദാതി പറഞ്ഞു. ആർക്കും പരിക്കുകൾ ഉണ്ടായിട്ടില്ലെന്നും മ്യൂസിയം ജീവനക്കാർക്കും പൊലീസിനും ഒപ്പം താനും സംഭവ സ്ഥലത്തുണ്ടായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ മ്യൂസിത്തിന്റെ മുൻപിൽ ബാരിക്കേഡുകൾ വച്ച് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. പരിസരത്തെ റോഡിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ട്. ലോകത്തിൽ ഏറ്രവും കൂടുതൽ സന്ദർശകർ എത്തുന്ന മ്യൂസിയമാണ് ലൂവർ. ഒരു ദിവസം മുപ്പതിനായിരത്തോളം സന്ദർശകർ ഇവിടേക്കെത്തുന്നു. ശിൽപങ്ങൾ,പെയിന്റിംഗുകൾ തുടങ്ങി 33000 പുരാതന വസ്തുക്കൾ ഇവിടെയുണ്ട്.
നിരവധി മോഷണങ്ങൾക്കും കവർച്ച ശ്രമങ്ങൾക്കും മ്യൂസിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1911-ൽ മ്യൂസിയത്തിൽ നിന്ന് ലിയോനാർഡോ ഡാവിഞ്ചിയുടെ ഛായാചിത്രമായ മൊണാലിസ മോഷ്ടിക്കപ്പെട്ടു. തന്റെ കോട്ടിനുള്ളിൽ ഒളിപ്പിച്ച് മുൻ തൊഴിലാളിയായ വിൻസെൻസോ പെറുഗ്ഗിയ ചിത്രം പുറത്തേക്ക് കടത്തി. രണ്ട് വർഷത്തിന് ശേഷം ഇറ്റലിയിലെ ഫ്ലോറൻസിൽ നിന്ന് ഇത് കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |