ന്യൂഡല്‍ഹി:കൊവിഡ് 19 ലോകത്തിന്റെ താളം തെറ്റിച്ചിട്ട് മാസങ്ങൾ പിന്നിടുന്നു.വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ചൈനയ്ക്കെതിരെ പുറത്ത് വന്നു.ഇപ്പോൾ ഇതാ ചൈനീസ് സര്‍ക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി ഒരു പുതിയ വെളിപ്പെടുത്തല്‍. ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വൈറോളജിസ്റ്റാണ് രോഗവ്യാപനം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചൈന മറച്ചു വെച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വൈറോളജിസ്റ്റായ ഡോ. ലി മെങ് യാനിന്റെതാണ് ഞെട്ടിക്കുന്ന ആരോപണം.
മാരകമായ വൈറസിനെപ്പറ്റി ചൈനയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും എന്നാല്‍ ലോകാരോഗ്യസംഘടനയുടെ ഉപദേശകനായ പ്രൊഫസര്‍ മാലിക് പെയ് രിസ് ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വെളിപ്പെടുത്തല്‍. നിലവില്‍ ഒളിവില്‍ കഴിയുന്ന ഡോ. ലി മെങ് യാനിന്റെ വെളിപ്പെടുത്തല്‍ യുഎസ് മാദ്ധ്യമമായ ഫോക്‌സ് ന്യൂസാണ് പുറത്തു വിട്ടത്.വൈറസ് ബാധയുടെ വിവരങ്ങള്‍ ചൈന പുറത്തു വിടുന്നതിനു വളരെ മുന്‍പു തന്നെ അവര്‍ക്ക് നോവല്‍ കൊറോണ വൈറസിനെപ്പറ്റി അറിയാമായിരുന്നുവെന്ന് ഡോ. യാന്‍ വെളിപ്പെടുത്തി. തന്റെ സഹപ്രവര്‍ത്തകരായ വിദഗ്ധര്‍ പുതിയ രോഗത്തെപ്പറ്റി പഠിക്കാന്‍ വിസമ്മതിച്ചെന്നും ആഗോള പകര്‍ച്ചവ്യാധിയുടെ തുടക്കകാലത്ത് താന്‍ നടത്തിയ ഗവേഷണം അവഗണിക്കപ്പെട്ടെന്നും ഡോ. യാന്‍ വ്യക്തമാക്കി. വിവരങ്ങള്‍ തുറന്നു പറഞ്ഞ തന്റെ ജീവന്‍ അപകടത്തിലാണെന്നും ഡോ. യാന്‍ വ്യക്തമാക്കി.വൈറസ് ബാധ സംബന്ധിച്ച എല്ലാ വിവരങ്ങളും ലോകത്തിനു വെളിപ്പെടുത്തിയെന്ന ചൈനയുടെ അവകാശവാദങ്ങള്‍ക്കിടെയാണ് ഡോ. യാന്റെ വെളിപെടുത്തൽ.
ലോകത്തു തന്നെ നോവല്‍ കൊറോണ വൈറസിനെപ്പറ്റി ഏറ്റവുമാദ്യം ഗവേഷണം നടത്തിയ ശാസ്ത്രജ്ഞരില്‍ ഒരാളാണ് താനെന്നാണ് ഡോ. യാന്‍ അവകാശപ്പെടുന്നത്. ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിലെ സുഹൃത്തുക്കള്‍ ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്നതാണെന്ന് ഡിസംബര്‍ 31ന് തന്നെ വെളിപ്പെടുത്തിയിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ജനുവരി 9നു മാത്രമാണ് ചൈനയും ലോകാരോഗ്യസംഘടനയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |