ന്യൂഡൽഹി: ഹിമാലയൻ മേഖലയിൽ ഭൂകമ്പത്തിന് സാദ്ധ്യതയെന്ന് വ്യക്തമാക്കി ശാസ്ത്രജ്ഞർ.ഇവിടെ ഭൂകമ്പം വരേണ്ട സമയം അതിക്രമിച്ചുവെന്നും, ഇതിനാൽ തന്നെ പ്രദേശത്ത് വീണ്ടും ഒരു ഭൂകമ്പത്തിനുളള സാദ്ധ്യതയേറെയാണെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. പർവത നഗരമായ സിംലയിലും സമതലപ്രദേശമായ ഡൽഹിയിലും മുൻകരുതൽ എടുക്കുന്നതിനുളള തയ്യാറെടുപ്പുകൾ നടത്തുന്നില്ലെന്നും എത്രയും വേഗം അടിയന്തര നടപടി സ്വീകരിക്കണമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
2015 ലെ നേപ്പാൾ ഭൂകമ്പമാണ് ഹിമാലയത്തിലെ അവസാനത്തെ വലിയ ഭൂചലനമായി റിപ്പോർട്ട് ചെയ്തിട്ടുളളത്. 7.8 തീവ്രതയാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 9,000ത്തോളം പേർ കൊല്ലപ്പെടുകയും 22,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാഠ്മണ്ഡു നഗരത്തിലാണ് അന്ന് ഭൂകമ്പം ഏറെയും ബാധിച്ചിരുന്നത്.ഹിമാലയൻ ഭൂകമ്പം എപ്പോൾ ഉണ്ടാകുമെന്ന് പറയാനാകില്ലെന്നും അതിനാൽ തന്നെ ഈ സാഹചര്യം നേരിടാൻ രാജ്യം ശക്തമായ മുൻകരുതൽ നടപടികൾ കെെക്കൊളളണമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഉടൻ തന്നെ ഭൂചലനം ഉണ്ടായേക്കാമെന്നും ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കാമെന്നും ഭുകമ്പശാസ്ത്രജ്ഞർ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഭൂകമ്പം 2005 ൽ കാശ്മീരിലാണ് ഉണ്ടായത്. 7.6 ആയിരുന്നു ഇതിന്റെ തീവ്രത.നിയന്ത്രണ രേഖയുടെ ഇരുഭാഗങ്ങളിലുമായി 86,000 പേരാണ് അന്ന് കൊല്ലപ്പെട്ടത്.കഴിഞ്ഞ നൂറ് വർഷത്തിനിടെ ഹിമാലയൻ മേഖലകളിലുണ്ടായ ഭൂകമ്പം ആ പ്രദേശങ്ങളിൽ കൂടുതൽ ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഒരു ഭൂകമ്പ ദുരന്ത നിവാരണ സൂചിക റിപ്പോർട്ട് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം രാജ്യത്തെ 50 നഗരങ്ങളെ പ്രത്യേകം പട്ടികപെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |