തിരുവനന്തപുരം : കൊവിഡ് രോഗികൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ചികിത്സാനിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ ജില്ലാതലങ്ങളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ആശുപത്രികളെ കണ്ടെത്തി പട്ടികയിലുൾപ്പെടുത്തുന്ന ജോലി പുരോഗമിക്കുകയാണ്. കണ്ണൂരും, മലപ്പുറത്തും ഉൾപ്പെടെ ഇതുസംബന്ധിച്ച ആദ്യഘട്ടചർച്ചകൾ പൂർത്തിയായി. ആകെയുള്ള കിടക്കകളിൽ എത്രയെണ്ണം കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കനാകും, കൊവിഡ് ചികിത്സയ്ക്കൊപ്പം മറ്റ് രോഗികളെയും ചികിത്സിക്കാനുള്ള സൗകര്യമുണ്ടോ തുടങ്ങിയവ പരിശോധിച്ചാണ് ആശുപത്രികളെ കണ്ടെത്തുന്നത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിലെത്തുന്നവരെ സ്വകാര്യ ആശുപത്രിയിലേക്ക് അയയ്ക്കാനാണ് തീരുമാനം. ഇവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇതിനുള്ള നിരക്കാണ് കഴിഞ്ഞ ആഴ്ച നിശ്ചയിച്ചത്. ചികിത്സയ്ക്ക് ശേഷം സ്വകാര്യ ആശുപത്രികൾ ബില്ല് നൽകുന്നത് അനുസരിച്ച് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ പണം അനുവദിക്കും. സർക്കാർ ആശുപത്രികളിൽ നിന്ന് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിന്റെ കരട് ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന് നൽകിയിട്ടുണ്ട്. അതേസമയം സ്വകാര്യ ആശുപത്രികളിൽ നേരിട്ട് കൊവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ നിന്ന് നിരക്ക് ഈടാക്കാനുള്ള അധികാരം അതത് ആശുപത്രികൾക്ക് നൽകണമെന്നാണ് ആശുപത്രി മാനേജ്മെന്റുകളുടെ നിലപാട്.
സ്വകാര്യ ആശുപത്രിയിലെ നിരക്ക്
ജനറൽ വാർഡിന് 2300 രൂപ (പ്രതിദിനം)
അതിതീവ്രപരിചരണം വേണ്ട എച്ച്.ഡി യൂണിറ്റിന് 3300
ഐ.സി.യുവിന് 6500
വെന്റിലേറ്ററിന് 11500
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |