ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിൽ പ്രതിസന്ധി രൂക്ഷം. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഇന്ന് ബി ജെ പി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം ബി ജെ പിയിലേക്ക് പോകുന്നതുള്‍പ്പടെയുളള കാര്യങ്ങളില്‍ നിര്‍ണായ തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കോൺഗ്രസ് എം.എൽ.എമാരെ പണം നൽകി സ്വാധീനിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം ആരോപിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ട്, പൊലീസിലെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിന്റെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റിനും ചീഫ് വിപ്പ് മഹേഷ് ജോഷിക്കും പൊലീസ് നോട്ടീസയച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. കോൺഗ്രസ് എം.എൽ.എമാരെ ബന്ധപ്പെടാൻ ബി.ജെ.പി നിയോഗിച്ചവരെന്ന് ആരോപിച്ച് രണ്ട് പേരുടെ അറസ്‌റ്റിനെ തുടർന്നാണ് ചോദ്യം ചെയ്യലിനായി സച്ചിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
200 അംഗ രാജസ്ഥാൻ നിയമസഭയിൽ 107 എം.എൽ.എമാരുള്ള കോൺഗ്രസ് ആർ.എൽ.ഡി, സി.പി.എം, ബി.ടി.പി പാർട്ടികളുടെയും സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് ഭരിക്കുന്നത്. ബി.ജെ.പിക്ക് 72 അംഗങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |