സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷുമായി താൻ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗികമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും മന്ത്രി കെ.ടി.ജലീൽ വ്യക്തമാക്കിയിരുന്നു. സ്വപ്‌ന സുരേഷ് പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളതായി രേഖകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. യു എ ഇ കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്‌ന സുരേഷിനെ വിളിച്ചതെന്നും ജലീൽ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ.
"മന്ത്രി ജലീൽ സാഹിബ് ഏപ്രിൽ മാസത്തിൽ സ്വപ്ന സുരേഷുമായി സംസാരിച്ചത് കേവലം അക്കാദമിക വിഷയങ്ങൾ മാത്രമായിരിക്കും. ഉന്നതവിദ്യാഭ്യാസരംഗത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ ഉയർത്തുന്ന വെല്ലുവിളി എന്ന വിഷയത്തെ സംബന്ധിച്ച ഗാഢമായ ചർച്ചയായിരിക്കണം നടന്നത്"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആരും തെറ്റിദ്ധരിക്കരുത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസക്കിറ്റ് വിതരണ വകുപ്പ് മന്ത്രി ജലീൽ സാഹിബ് ഏപ്രിൽ മാസത്തിൽ സ്വപ്ന സുരേഷുമായി സംസാരിച്ചത് കേവലം അക്കാദമിക വിഷയങ്ങൾ മാത്രമായിരിക്കും. ഉന്നതവിദ്യാഭ്യാസരംഗത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ ഉയർത്തുന്ന വെല്ലുവിളി എന്ന വിഷയത്തെ സംബന്ധിച്ച ഗാഢമായ ചർച്ചയായിരിക്കണം നടന്നത്.
മാത്രമല്ല അസമയത്ത് സ്വപ്ന സുരേഷിനെ മന്ത്രി വിളിച്ചിരിക്കാൻ ഒരു സാധ്യതയുമില്ല. രാത്രി 11 മണിക്ക് ശേഷം പ്രിൻസിപ്പൽ സെക്രട്ടറിക്ക് അനുവദിക്കപ്പെട്ട സമയമായിരുന്നല്ലോ. അബ്ദുൽ സമദ് സമദാനിക്ക് ശേഷം സിമി മുസ്ലിം ലീഗിലേക്ക് സംഭാവന ചെയ്ത അതുല്യപ്രതിഭയും വിദ്യാഭ്യാസ വിചക്ഷണനുമാണ് കെ.ടി ജലീൽ . യുവകോമളനും പണ്ഡിത ശ്രേഷ്ഠനും സർവ്വോപരി തീവ്ര മുസ്ലിം സംഘടനകളിലേക്കുള്ള പാലവുമായ ജലീലിനെ എന്തുവിലകൊടുത്തും മുഖ്യമന്ത്രി സംരക്ഷിച്ചിരിക്കും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |