ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസ് നേതൃത്വം അച്ചടക്കനടപടിയെടുത്തതിന് പിന്നാലെ അനുനയ നീക്കവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. അദേഹത്തെ തിരികെ കൊണ്ട് വരാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെ സച്ചിനെ അനുനയിപ്പിക്കാൻ രംഗത്തെത്തി.സംസ്ഥാനത്ത് ഉടലെടുത്ത പ്രതിസന്ധിക്ക് പിന്നാലെ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസ് നേതൃത്വം പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ വിട്ടുവീഴ്ചക്കില്ലായെന്ന ഉറച്ച തീരുമാനത്തിലായിരുന്നു സച്ചിൻ പൈലറ്റ്.
വിഷയത്തില്‍ ഇപ്പോൾ പ്രതികരണവുമായി രാഹുല്‍ ഗാന്ധി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത് സച്ചിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ അവസാന ശ്രമമാണ്. സച്ചിനെ ചുമതലകളില്‍ നിന്നും നീക്കി രണ്ടാമത്തെ ദിവസമാണ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രതികരിക്കുന്നത്. 'താങ്കള്‍ ഇപ്പോഴും പാര്‍ട്ടി അംഗം തന്നെയാണ്. കോണ്‍ഗ്രസിന്റെ വാതിലുകള്‍ താങ്കള്‍ക്കായി എപ്പോഴും തുറന്നിരിക്കുകയാണെന്നുമായിരുന്നു' രാഹുല്‍ ഗാന്ധി സച്ചിന്‍ പൈലറ്റിന് അയച്ച സന്ദേശം . ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സജീവമായ രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയത്തിന് പിന്നില്‍ സച്ചിന്‍ പൈലറ്റ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നആവശ്യത്തെ മറികടന്ന് കൊണ്ടായിരുന്നു മുതിര്‍ന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയത്. അന്ന് മുതല്‍ തന്നെ ഇരുവരും തമ്മിലുള്ള ഭിന്നതകള്‍ രൂക്ഷമായിരുന്നു. പാര്‍ട്ടി പദവികളില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ബിജെപിയില്‍ ചേരില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സച്ചിന്‍ പൈലറ്റ്.ഒരിക്കലും കോണ്‍ഗ്രസ് വിട്ടുപോകില്ലെന്നാണ് സച്ചിന്‍ പൈലറ്റ് നല്‍കുന്ന സൂചന. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് മാറി നിന്നത് മുതലാണ് രാജസ്ഥാനില്‍ തനിക്കെതിരെ നീക്കം തുടങ്ങിയതെന്ന് സച്ചിന്‍ പൈലറ്റ് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |