കോഴിക്കോട് : എൻജിനീയറിംഗ്, ഫാർമസി കോഴ്‌സ് പ്രവേശനങ്ങൾക്കായി ഇന്ന് നടത്തുന്ന കീം പ്രവേശനപരീക്ഷ ജില്ലയിൽ 14,390 വിദ്യാർത്ഥികൾ എഴുതും . 37 സ്‌കൂളുകളിലാണ് പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുക. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12.30 വരേയും, 2.30 മുതൽ വൈകീട്ട് അഞ്ച് മണി വരേയുമാണ് പരീക്ഷാ സമയം.
അഗ്‌നിരക്ഷാ സേന പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കി. അഞ്ച് വീതം സന്നദ്ധപ്രവർത്തകർ ഓരോ സ്‌കൂളിലും ഉണ്ടായിരിക്കും. പരീക്ഷക്കെത്തുന്ന വിദ്യാർഥികളുടെ സാമൂഹിക അകലം, തെർമൽ സ്‌ക്രീനിംഗ് സാനിറ്റൈസേഷൻ എന്നിവയുടെ ചുമതല ഇവർക്കാണ്. ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ൻമെന്റ് സോൺ എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ കൊവിഡ് വ്യാപനം തടയാനുള്ള മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്. ക്വാറന്റെയിനിലുള്ള വിദ്യാർത്ഥികൾക്കും തെർമൽ സ്‌ക്രീനിംഗിൽ ഉയർന്ന താപനിലയുള്ള വിദ്യാർഥികൾക്കുമായി ഓരോ സെന്ററുകളിലും പ്രത്യേകമായി രണ്ട് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രത്യേക മുറികളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മറ്റു വിദ്യാർഥികളുമായി സമ്പർക്കത്തിൽ വരാതെ നോക്കും. ഒരു ക്ലാസ് മുറിയിൽ 20 പേരാണ് പരീക്ഷ എഴുതുന്നത്.
പരീക്ഷാ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ പൊലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫയർഫോഴ്‌സ്, ആരോഗ്യം, തദ്ദേശ സ്ഥാപനം എന്നീ വകുപ്പുകളുടെ സേവനം ലഭ്യമാണ്. പരീക്ഷാ കേന്ദ്രങ്ങളുടെ ചുമതല അതത് സ്‌കൂൾ ഹെഡ്മാസ്റ്ററായ ചീഫ് സൂപ്രണ്ടിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |