തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വർക്ക് ഷോപ്പ് ഉദ്ഘാടനച്ചടങ്ങിലേക്ക് നെടുമങ്ങാട് എം എൽ എ സി. ദിവാകരനെയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വിട്ടുനിന്നു. തന്നോട് അനുവാദം ചോദിക്കാതെ തീയതിയും സമയവും തീരുമാനിച്ചതിനാലും സ്ഥാപന നടത്തിപ്പുകാരിൽ പന്തികേടു മണത്തതിനാലുമാണ് അദ്ദേഹം വിട്ടുനിന്നത്. മന്ത്രിമാരോ സ്പീക്കറോ പങ്കെടുക്കുന്ന ചടങ്ങിൽ സ്ഥലം എം എൽ എ അദ്ധ്യക്ഷനാകണമെന്നപ്രോട്ടോക്കോൾ പാലിച്ചാണ് എം എൽ എയും ക്ഷണിച്ചത്.
എം എൽ എയെ കൂടാതെ സി പി ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെറീഫ്, സി പി എം ഏരിയാ സെക്രട്ടറി ആർ. ജയദേവൻ, നെടുമങ്ങാട് മുനിസിപ്പൽ ചെയർമാനും മുതിർന്ന സി പി എം നേതാവുമായ ചെറ്റച്ചൽ സഹദേവൻ എന്നിവരും വിട്ടുനിന്നു. എന്നാൽ സി പി എം ജില്ലാ കമ്മിറ്റി അംഗം കെ.എസ്. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എൽ.പി. മായാദേവി എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
സ്ഥാപനത്തിന് നേതൃത്വം കൊടുക്കുന്നവരെക്കുറിച്ച് പാർട്ടികളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിവാദം ഉണ്ടായതിന്റെ പശ്ചാത്തതലത്തിൽ അപ്പോൾത്തന്നെ വാർത്താ സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ സി പി എം ഏരിയാ സെക്രട്ടറി തയ്യാറായെങ്കിലും ജില്ലാ നേതൃത്വം അതിന് തടയിടുകയായിരുന്നു എന്ന് അറിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |