കൊച്ചി: നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തിന്റെ സൂത്രധാരനായ പെരിന്തൽമണ്ണ സ്വദേശി കെ.ടി. റെമീസിന്റെ വിദേശ യാത്രകളെക്കുറിച്ച് കസ്‌റ്റംസ് അന്വേഷണം തുടങ്ങി. ഒപ്പം യാത്ര ചെയ്‌തവരെ കണ്ടെത്താനാണ് ശ്രമം. ഇയാൾക്കൊപ്പം എപ്പോഴും ഒരു സംഘമുണ്ടാകും. അവരെ കണ്ടെത്തിയാൽ കൂടുതൽ പ്രതികളിലേക്ക് എത്താമെന്നാണ് കസ്‌റ്റംസ് കരുതുന്നത്.
നെടുമ്പാശേരി , തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കസ്‌റ്റംസ് പരിശോധിച്ചു തുടങ്ങി. ചില മാസങ്ങളിൽ നാലു തവണ വരെ ഇയാൾ ദുബായിലേക്ക് പോയിട്ടുണ്ട്. കസ്‌റ്റഡിയിൽ ലഭിച്ച റെമീസിനെ കസ്‌റ്റംസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻ.ഐ.എയുടെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാൻ കസ്‌റ്റംസിന് കോടതി അനുമതി നൽകി. ഇരുവരും വെള്ളിയാഴ്ച വരെ എൻ.ഐ.എ കസ്‌റ്റഡിയിലാണ്. ഈ സമയത്തിനുള്ളിൽ കസ്‌റ്റംസ് കേസിൽ അറസ്‌റ്റും രേഖപ്പെടുത്തും.
റെമീസിന്റെ സംഘത്തിലെ കൂടുതൽ പേരെക്കുറിച്ച് കസ്‌റ്റംസിന് വിവരം ലഭിച്ചതായാണ് സൂചന. കോൺസുലേറ്റ് ബന്ധമുള്ള സ്വപ്‌ന പോലും റെമീസിന്റെ ആജ്ഞകൾക്ക് മുന്നിൽ വിറച്ചിരുന്നതായാണ് വിവരം.ലോക്ക് ഡൗൺ കാലത്ത് പരാമവധി സ്വർണം കടത്തണമെന്ന് റെമീസിന്റെ നിർദ്ദേശമാണ് സംഘത്തെ കുടുക്കിയത്. കൂടുതൽ തവണ ബാഗേജ് വരുകയും സ്വർണക്കടത്തിനെക്കുറിച്ച് കസ്‌റ്റംസിന് ചില സൂചനകൾ ലഭിക്കുകയും ചെയ്‌തതോടെയാണ് സംഘം പിടിയിലായത്.
സ്വപ്‌നയുടെ ഫ്ളാറ്റിലെ മദ്യസത്കാരം
സ്വപ്‌നയുടെ ഫ്ളാറ്റിലെ ഒരു മദ്യ സത്ക്കാരത്തിന്റെ ചിത്രങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അതിൽ സ്വപ്‌നയ്‌ക്കൊപ്പം സന്ദീപ് നായർ, സരിത്ത് എന്നിവരെ വ്യക്തമാണ്. കൂടാതെ പന്ത്രണ്ടിലധികം പേരും ചിത്രത്തിലുണ്ട്. ഇവർ ആരൊക്കെയാണെന്നാണ് അന്വേഷണം. ദൃശ്യങ്ങളിൽ ചില ഉന്നത സർക്കാരദ്യോഗസ്ഥരും ഉണ്ടെന്നാണ് സൂചന. എന്തിനുവേണ്ടിയുള്ള പാർട്ടിയാണെന്ന ചോദ്യത്തിന് സ്വപ്‌നയുടെ പിറന്നാൾ ആഘോഷമാണെന്നായിരുന്നു സരിത്തിന്റെ മറുപടി. ഇത് കസ്‌റ്റംസ് വിശ്വസിച്ചിട്ടില്ല. സ്വപ്‌നയെ ചോദ്യം ചെയ്യുന്നതോടെ ഇതിൽ വ്യക്തത വരും.
സ്വപ്നയുടെ മക്കൾക്ക് പ്രവേശനം
പൊലീസ് ഓഫീസർ വഴി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയുമായി കൂടുതൽ പൊലീസ് ഉന്നതർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്വപ്നയുടെ മക്കൾക്ക് തലസ്ഥാനത്തെ മികച്ച സ്കൂളിലും കോളേജിലും പ്രവേശനം നേടിക്കൊടുത്തത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ്. ബിരുദ കോഴ്സ് പ്രവേശനത്തിനായി കോൺസുലേറ്റിലെ ചിലരും സഹായിച്ചെന്ന് സ്വപ്‌ന വെളിപ്പെടുത്തി.
റിയൽ എസ്റ്റേറ്റ് ഇടപാടുകളുള്ള തലസ്ഥാനത്തെ ഒരു പൊലീസ് ഉന്നതനുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ, കുടുംബാംഗത്തെ പരിചരിക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ ഹോംനഴ്സിനെ തലസ്ഥാനത്തെ ഒരു സ്റ്റേഷനിൽ പിടികൂടി. നഴ്സിനെ വിട്ടയയ്ക്കാൻ ഈ ഉന്നതൻ നേരിട്ട് വിളിച്ചു. ഉടൻ വിടുകയും ചെയ്തു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ സ്വപ്‌നയെ 36 തവണ രഹസ്യനമ്പരിൽ വിളിച്ചു. തിരുവനന്തപുരം റൂറൽ പൊലീസിലെ ഒരു ഉദ്യോഗസ്ഥനും വിളിപ്പട്ടികയിലുണ്ട്.
സ്വപ്നയെയും സന്ദീപിനെയും ഒളിവിൽ പോകാൻ സഹായിച്ചതിന് ഒരു എസ്.പിയടക്കം സംശയനിഴലിലുമാണ്. ലോക്ക് ഡൗൺ സമയത്ത് സന്ദീപിന് സ്വർണം സുരക്ഷിതമായി കൊച്ചിയിലെത്തിക്കാൻ കൂട്ടുപോയ പൊലീസുകാരനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സ്വപ്‌ന പ്രതിയായ വ്യാജരേഖാ കേസ് ഒതുക്കാനുള്ള പൊലീസിന്റെ ശ്രമം നേരത്തേ പുറത്തായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |