* മുഖ്യമന്ത്രിയുടെ നെതർലാൻഡ്സ് സന്ദർശനത്തിൽ സഹായിച്ച കമ്പനി
* ജലവിഭവ വകുപ്പ് തിരിച്ചയച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നെതർലാൻഡ്സ് സന്ദർശനത്തിൽ സഹായിച്ച കമ്പനിയെയും റീ-ബിൽഡ് കേരളയുടെ പ്രളയ പ്രതിരോധ പദ്ധതിയുടെ കൺസൾട്ടൻസി ടെൻഡറിൽ ഉൾപ്പെടുത്താൻ ചീഫ്സെക്രട്ടറി വിശ്വാസ് മേത്ത ജലവിഭവ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയായിരിക്കെ നടത്തിയ ഇടപെടൽ പുറത്തായി. യോഗ്യതയില്ലാത്തതിനാൽ ടെൻഡർ നടപടികളിൽ നിന്ന് ആദ്യം ഒഴിവാക്കപ്പെട്ട ഹസ്‌കോണിംഗ് എന്ന കമ്പനിയാണിത്.
ഈ കമ്പനിയെ ടെൻഡറിൽ പെടുത്തിയില്ലെങ്കിൽ നെതർലാൻഡ്സുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും വിശ്വാസ് മേത്ത ഫയലിൽ എഴുതി. മുഖ്യമന്ത്രി ഒപ്പുവച്ച ഫയൽ, കൂടുതൽ വ്യക്തത തേടി ജലവിഭവവകുപ്പ് വീണ്ടും സമർപ്പിച്ചു. ഒപ്പുമാത്രം പോരെന്നും യോഗ്യത ഇല്ലാത്തവരെ ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന് വ്യക്തമാക്കണമെന്നുമാണ് ഫയലിൽ എഴുതിയിട്ടുള്ളത്. ഫയൽ മൂന്നാഴ്ചയായി മുഖ്യമന്ത്റിയുടെ ഓഫീസിലാണ്.
30 കോടിയുടെ പ്രളയ പ്രതിരോധ പ്രവർത്തനത്തിന് കൺസൾട്ടന്റുമാരെ തിരഞ്ഞെടുക്കാനുള്ള താത്പര്യ പത്രത്തോട് പ്രതികരിച്ചത് 12 കമ്പനികളായിരുന്നു. ഇതിൽ യോഗ്യതയുള്ള നാലെണ്ണത്തെ ചുരുക്കപ്പട്ടികയിലാക്കി. പിന്നാലെ 2019 മേയിൽ മുഖ്യമന്ത്രി നെതർലാൻഡ്സ് സന്ദർശിച്ചു. പ്രളയജലം പെട്ടെന്ന് ഒഴുക്കിക്കളയുന്ന നെതർലാൻഡ്സിലെ 'റൂം ഫോർ റിവർ' പദ്ധതി കുട്ടനാടിന് പറ്റിയതാണെന്ന് തിരിച്ചെത്തിയശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇന്ത്യയിൽ ഇത്തരം പദ്ധതികൾ നടപ്പാക്കിയ പരിചയം വേണമെന്ന മാനദണ്ഡം ഒഴിവാക്കി ബെൽജിയത്തിലെ ട്രക്ടാബെൽ, നെതർലാൻഡ്സിലെ ഹസ്‌കോണിംഗ് കമ്പനികളെക്കൂടി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആറ് കമ്പനികൾ ടെൻഡറിന് യോഗ്യതനേടി.
ഈ നീക്കത്തെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ എതിർത്തു. ഇന്ത്യയിലെ പരിചയത്തിൽ ഇളവു വേണമെന്ന് ആവശ്യപ്പെട്ട കമ്പനികൾക്ക് അത് നേരത്തേ അനുവദിച്ചിരുന്നില്ലെന്നും കേസുണ്ടാവുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഈ ഘട്ടത്തിലാണ് 'മുഖ്യമന്ത്റിയുടെ നെതർലാൻഡ്സ് സന്ദർശനത്തിലും ചർച്ചകളിലും സജീവമായി ഇടപെട്ട കമ്പനികളെ ഒഴിവാക്കിയിരിക്കുന്നത്. അതുകൊണ്ട് അവരെകൂടി ഉൾപ്പെടുത്തണം'- എന്നാണ് വിശ്വാസ് മേത്ത നോട്ടെഴുതിയത്. അല്ലെങ്കിൽ നയതന്ത്റബന്ധത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും നൽകി. മാർച്ചിൽ ഫയൽ മുഖ്യമന്ത്റിക്ക് സമർപ്പിച്ചു.
കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രിയുടെ ഒപ്പോടെ തിരിച്ചുവരികയായിരുന്നു.
നല്ല ഉദ്ദേശ്യമെന്ന് വിശ്വാസ് മേത്ത
ഈ കമ്പനിയെ ഉൾപ്പെടുത്താൻ തനിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉണ്ടായിരുന്നില്ലെന്നും, നല്ല കമ്പനികളെ കൊണ്ടുവരിക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു കുറിപ്പിന് പിന്നിലെന്നും വിശ്വാസ് മേത്ത പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |