തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ചീഫ്സെക്രട്ടറിയുടെ ഓഫീസിലെ സി.സി ടിവി സംവിധാനം ഇടിമിന്നലിൽ കേടായെന്ന് പറയുന്നത് തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമീപകാലത്തൊന്നും ഒരു ഇടിമിന്നൽ പോലുമുണ്ടായിട്ടില്ലെന്നിരിക്കെ സി.സി ടിവി എങ്ങനെയാണ് നശിക്കുക? സ്വർണക്കടത്ത് കേസിലെ എൻ.ഐ.എ അന്വേഷണം സെക്രട്ടേറിയറ്റിലേക്കെത്തുന്നതിന് മുമ്പ് തെളിവ് നശിപ്പിക്കാനാണ് ശ്രമം. സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള തിരക്കിട്ട ശ്രമമാണ് ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്നത്.
സ്വർണക്കടത്ത് കേസിൽ ഐ.ടി വകുപ്പിന് കീഴിലെ ജീവനക്കാരിയായ സ്വപ്ന സുരേഷ് അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ, സ്പീക്കർ, ഒരു മന്ത്രി എന്നിങ്ങനെ സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ സംശയനിഴലിലാണ്. എന്നിട്ടും മുഖ്യമന്ത്രി തെളിവ് ചോദിക്കുകയാണ്. ഉള്ള തെളിവുകൾ സെക്രട്ടേറിയറ്റിൽ നിന്ന് ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിൽ നശിപ്പിക്കുകയാണ്.
ചീഫ് സെക്രട്ടറിയുടെ ശ്രമം സ്വപ്നയെ രക്ഷിക്കാൻ
കരാർ നിയമനം നേടിയവർക്കും സർക്കാർ മുദ്ര ഉപയോഗിക്കാമെന്ന് ചീഫ്സെക്രട്ടറി വാർത്താക്കുറിപ്പ് ഇറക്കിയത് സ്വപ്ന സുരേഷിനെ രക്ഷിക്കാനാണെന്ന് ചെന്നിത്തല ആരോപിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലും അതിന് മുകളിലും ഉള്ളവർക്കാണ് സർക്കാർ മുദ്ര ഉപയോഗിക്കാനാവുക എന്നാണ് ചട്ടത്തിൽ. ഇത് അട്ടിമറിച്ച് എല്ലാവർക്കും സർക്കാർ മുദ്ര അനുവദിച്ചത് ചീഫ്സെക്രട്ടറിയുടെ നിയമവിരുദ്ധ നടപടിയാണ്. കിൻഫ്ര വഴിയാണ് സെക്രട്ടേറിയറ്റിൽ നിയമനം നടക്കുന്നത്. മിന്റ് എന്ന സ്വകാര്യ ഏജൻസിയെ ഇത്തരം നിയമനങ്ങൾക്ക് ചുമതലപ്പെടുത്തിയിരിക്കുകയാണ്. മിന്റ് വഴി നിയമിച്ചവർക്ക് 20 ലക്ഷത്തോളമാണ് ശമ്പളയിനത്തിൽ നൽകുന്നത്. തൊഴിൽരഹിതരായ നിരവധി പേർ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് കഴിയുമ്പോഴാണ് പിൻവാതിൽ തള്ളിക്കയറ്റവും അവർക്കെല്ലാം സർക്കാർ മുദ്ര അനുവദിച്ചുനൽകലും. ഇത്തരത്തിൽ സെക്രട്ടേറിയറ്റിൽ നിയമിക്കപ്പെട്ടവരുടെ പട്ടിക പുറത്തുവിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |