എഴുകോൺ: മരണത്തിലും എട്ടുപേർക്ക് പുതുജീവിതം പകുത്ത് നൽകിയ അനുജിത്തിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ' ഈ ലോകത്ത് ഞാനില്ലെങ്കിലും എന്നിലൂടെ ആരെങ്കിലും ജീവിക്കുകയാണെങ്കിൽ ജീവിക്കട്ടെ" എന്ന അനുജിത്തിന്റെ ആഗ്രഹം ഭാര്യ പ്രിൻസിയും സുഹൃത്തുകളും ചേർന്നാണ് നിറവേറ്റിയത്.
14ന് രാത്രി 10ന് കലയപുരത്തുണ്ടായ വാഹനാപകടത്തെ തുടർന്ന് മരിച്ച എഴുകോൺ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിൽ അനുജിത്തിന്റെ (27) ഹൃദയം, നേത്രപടലങ്ങൾ, വൃക്കകൾ, കരൾ, ചെറുകുടൽ, കിഡ്നികൾ, കൈകൾ എന്നിവയാണ് ദാനം ചെയ്തത്. ഇന്നലെ വൈകിട്ട് നാലിന് ഇരുമ്പനങ്ങാടുള്ള വീട്ടിലായിരുന്നു സംസ്കാരം.
കുടിക്കുന്നിൽ സുരേഷ് എം.പി, ആയിഷ പോറ്റി എം.എൽ.എ, കൊട്ടാരക്കര ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. അനുജിത്തിനെ ഒരുനോക്ക് കാണാൻ കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ച് നാട്ടുകാരും എത്തിയിരുന്നു.
ഹൃദ്രോഗിയായ പിതാവ് ശശിധരൻ പിള്ളയ്‌ക്ക് മൂന്നാമത്തെ ഹൃദയാഘാതം ഉണ്ടാകുന്നത് അനുജിത്ത് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്ന് മുതൽ തന്നാലാകുന്ന ജോലികൾ ചെയ്ത് കുടുംബത്തിന് താങ്ങായിരുന്നു. എഴുകോണിലെ ബേക്കറിയിൽ സഹായിയായും ജോലിക്കൊപ്പം പഠനവും തുടർന്ന അനുജിത്ത് ഐ.ടി.ഐയും ബിരുദവും പാസായി. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അനുജിത്ത് ലോക്ക് ഡൗണിനെ തുടർന്ന് ജോലി നിറുത്തിവച്ചു. തുടർന്ന് കൊട്ടാരക്കരയിലെ സൂപ്പർ മാർക്കറ്റിൽ ജോലി നോക്കുകയായിയുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും തുടർന്ന് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 20ന് മരണം സ്ഥിരീകരിച്ചു. ജുവലറി ജീവനക്കാരിയാണ് ഭാര്യ പ്രിൻസി.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |