മലയിൻകീഴ്: പ്രശസ്ത സംസ്‌കൃത പണ്ഡിതനും ഇൻഡോളജിസ്റ്റുമായ മലയിൻകീഴ് ശ്രീകേദാരത്തിൽ പ്രൊഫ. എസ്.ഭാസ്കരൻനായർ (85) അന്തരിച്ചു. മുംബയിൽ മകനൊപ്പമായിരുന്നു. പഞ്ചാബ് സർവകലാശാലയുടെ ഇൻഡോള ഗവേഷണകേന്ദ്രമായ ഹോഷിയാർപൂരിലെ വിശ്വേശ്വരാനന്ദ് വേദിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. വിരമിച്ച ശേഷം മലയിൻകീഴിലായിരുന്നു താമസം. സംസ്‌കൃതം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി ഒട്ടേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. `മഹാസുഭാഷിത സംഗ്രഹം' എന്ന സംസ്‌കൃത ഗ്രന്ഥപരമ്പരയുടെ എഡിറ്റർ എന്ന നിലയിലാണ് പ്രശസ്തനായത്. നെയ്യാറ്റിൻകരയിൽ ജനിച്ച ഭാസ്കരൻനായർ കേരള സർവകലാശാലയിൽ നിന്നു ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് പഞ്ചാബ് സർവകലാശാലയിൽ അദ്ധ്യാപകനായത്. ഹസ്തലിഖിത ഗ്രന്ഥങ്ങളിലും പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളുടെ പാഠവിമർശനത്തിലും വിദഗ്ദ്ധനാണ്. കൽഹണന്റെ `രാജതരംഗിണി' വ്യാഖ്യാനം, ഹിന്ദി സാഹിത്യ ഗ്രന്ഥസൂചി, `എ കമ്പാരിറ്റീവ് ആൻഡ് ക്രിട്ടിക്കൽ ഡിക്ഷണറി ഒഫ് വേദിക് ഇന്റർപ്രെട്ടേഷൻ', `എ ക്രിട്ടിക്കൽ എഡിഷൻ ഒഫ് ഋഗ്വേദ', `എ ക്രിട്ടിക്കൽ എഡിഷൻ ഒഫ് അഥർവവേദീയ ബഹൃത് സർവാനുക്രമണിക', `ബ്രാഹ്മണോദ്ധാര കോശ', `ഉപനിഷദ് ഉദ്ധാരകോശ', ശ്രീമഹാഭാഗവതം വ്യാഖ്യാനം, ഭാഷാഭഗവത്ഗീത വ്യാഖ്യാനം എന്നിവയാണ് പ്രധാനപ്പെട്ട കൃതികൾ. സംസ്കാരം പിന്നീട്. പിതാവ്: പരേതനായ ശിവശങ്കരപ്പിള്ള. മാതാവ്: കാർത്യാനിഅമ്മ. ഭാര്യ: പരേതയായ സുഭദ്രനായർ. മക്കൾ: സുരേഷ്, സുകേഷ്,ശോഭ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |