SignIn
Kerala Kaumudi Online
Tuesday, 01 December 2020 6.09 PM IST

മിടുക്കന്മാരെ അധികനാൾ മാറ്റി നിറുത്താൻ കഴിയില്ലെന്ന് മനസിലായി,​ കൊടി സുനിയേയും സ്വപ്‌നയേയും പൂട്ടിയ ഷൗക്കത്ത് അലിയ്‌ക്ക് ഐ.പി.എസ് ശുപാർശ

shoukathali

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരിലൊരാളായ എ പി ഷൗക്കത്ത് അലിക്ക് ഐ.പി.എസ് ശുപാർശ. 2018 ബാച്ചിൽ ഐ.പി.എസ് ലഭിക്കാവുന്ന പരിഗണനാ പട്ടികയിൽ പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ഡിജിപി ശുപാർശ ചെയ്തതിട്ടുള്ളത്. ടിപി വധക്കേസ് അന്വേഷണത്തിന്റെ പേരിൽ സി പി എമ്മിന്റെ കണ്ണിലെ കരടായ കെ വി സന്തോഷിന്റെ പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറിനകമാണ് തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷ് അടക്കമുള്ളവരെ ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള എൻ.ഐ.എ സംഘം പിടികൂടിയത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയേയും സംഘത്തെയും ഷൗക്കത്തലി പിടികൂടിയ രീതി കേരളപൊലീസിൽ ചരിത്രമായി മാറുകയും ചെയ്‌തു. മികവുറ്റ ഈ ട്രാക്ക് റെക്കോർഡുകൾ തന്നെയാണ് സി.പി.എമ്മിന്റെ 'കണ്ണിലെ കരട്' ആയി മാറിയിട്ടും സംസ്ഥാന സർക്കാരിന് ഷാക്കൗത്ത് അലിയെ മാറ്റി നിറുത്താൻ കഴിയാതെ വന്നത്.

ഭയമെന്തെന്ന് അറിയാത്തവൻ, മേലുദ്യോഗസ്ഥരുടെ ആത്മധൈര്യം

1995ൽ ഒന്നാംറാങ്കോടെ കേരള പൊലീസിൽ എസ്.ഐയായ ഷൗക്കത്തലി തലശേരി ഡിവൈ.എസ്.പിയായിരിക്കെ 2014ലാണ് ഡെപ്യൂട്ടേഷനിൽ എൻ.ഐ.എയിലെത്തിയത്.ഐസിസ് റിക്രൂട്ട്‌മെന്റ്, കനകമല കേസ്, തമിഴ്നാട്ടിലെ തീവ്രവാദക്കേസുകൾ എന്നിങ്ങനെ സുപ്രധാന കേസുകളുടെ അന്വേഷണം ഷൗക്കത്തിനായിരുന്നു. 150ലേറെപ്പേർ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണക്കേസിൽ ഫ്രഞ്ച് ഏജൻസികളുമായി ചേർന്നുള്ള അന്വേഷണത്തിലും ഷൗക്കത്തലിയുണ്ടായിരുന്നു.

സ്വർണക്കടത്ത് കേസിൽ സംസ്ഥാന പൊലീസ് അൽപ്പം പ്രതിരോധത്തിലാണെങ്കിലും, അന്വേഷണം തുടങ്ങി 24മണിക്കൂർ തികയും മുൻപ് സ്വപ്നയെയും സന്ദീപിനെയും ഒളിത്താവളം കണ്ടെത്തി കുടുക്കിയ എൻ.ഐ.എ അഡി.എസ്.പി എ.പി ഷൗക്കത്തലി കേരള പൊലീസിലെ ചുണക്കുട്ടിയാണ്.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനി അടക്കമുള്ള കൊടുംക്രിമിനലുകളെ ശക്തമായ രാഷ്ട്രീയ എതിർപ്പ് വകവയ്ക്കാതെ പിടികൂടിയ അതേ ഷൗക്കത്തലി. കണ്ണൂരിലെ മുടക്കോഴി മലയിൽ ഒളിച്ചിരുന്ന പ്രതികളെ അർദ്ധരാത്രിയിൽ വേഷപ്രച്ഛന്നരായി നടന്നെത്തി സാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് ഷൗക്കത്തലിയും സംഘവും പിടികൂടിയത്.

ഭയമില്ലാതെ ഏത് ദൗത്യവും പൂർത്തിയാക്കുമെന്നതാണ് ഷൗക്കത്തലിയുടെ പ്രത്യേകത. കൊടി സുനിയെയും സംഘത്തെയും തേടിയുള്ള റെയ്ഡ് വിവരം പലതവണ ചോർന്നതോടെ, രഹസ്യ ഓപ്പറേഷൻ പ്ലാൻചെയ്തു. മുഴക്കുന്ന്, തില്ലങ്കേരി, മാലൂർ പഞ്ചായത്തുകളിലൂടെയുള്ള എല്ലാ വഴികളും അടച്ചശേഷം പതിവു വാഹന പരിശോധനയ്‌ക്കെന്നു തോന്നിക്കുന്ന വിധത്തിൽ പൊലീസ് നിലയുറപ്പിച്ചു. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ഇരുപതിലധികം പേരടങ്ങുന്ന സംഘം വടകരയിൽ നിന്നു ടിപ്പർ ലോറിയിൽ പുലർച്ചെ രണ്ടു മണിയോടെ മുഴക്കുന്നിലെത്തി. ലുങ്കി ധരിച്ച് തോർത്തും തലയിൽക്കെട്ടി ചെങ്കൽ തൊഴിലാളികളുടെ വേഷത്തിലായിരുന്നു ഷൗക്കത്തലിയും സംഘവും. കനത്തമഴയിൽ മൊബൈൽ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം. പുലർച്ചെ നാലിന് സുനിയുടെ ഒളിസങ്കേതം കണ്ടെത്തി.

പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റിൽ നിലത്ത് കമ്പിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞു പൊലീസ് അകത്തു കടക്കുമ്പോൾ കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്ര‌യിൽ. പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കുചൂണ്ടി എതിരിടാനായി ശ്രമം. അര മണിക്കൂർ നീണ്ട ബലപ്ര യോഗത്തിലൂടെയാണ് സംഘത്തെ കീഴടക്കിയത്. പിന്നീട് സിപിഎം നേതാക്കളെ അറസ്റ്റു ചെയ്യാൻ മറ്റ് ഉദ്യോഗസ്ഥർ മടിച്ചപ്പോൾ, ആ ദൗത്യം ഏറ്റെടുത്തതും ഷൗക്കത്തലിയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DYSP SHAUKATH ALI, IPS RECOMMENDATION, TP CHANDRA SEKHARAN MURDER, NIA SHOUKATHALI, SWAPNA SURESH, GOLD SMUGGLING
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.