ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് മരണനിരക്ക് 2.35 ശതമാനമായി കുത്തനെ കുറഞ്ഞുവെന്ന് കേന്ദ്രസർക്കാർ കണക്ക്. കേന്ദ്ര ആരോഗ്യക്ഷേമ കുടുംബ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. മരണനിരക്കിൽ തുടർച്ചയായി രേഖപ്പെടുത്തിയ കുറവ് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും മന്ത്രാലയം പറഞ്ഞു. ലോകത്തിലെ ഏറ്റവും താഴ്ന്ന മരണനിരക്കുകളിലൊന്നാണ് ഇന്ത്യയിലേതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 32,223 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് സുഖം പ്രാപിച്ചത് 8,49,431 രോഗികളാണ്. ഇതോടെ രോഗമുക്തി നിരക്കിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ 63.54 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതനുസരിച്ച് രോഗമുക്തി നേടിയ കേസുകളും ചികിത്സയിലുള്ള കേസുകളും തമ്മിലുളള അന്തരം 3,93,360 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒറ്റദിവസം കൊണ്ട് 4,20,898 കൊവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 3,50,000 പരിശോധനകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.
പത്തുലക്ഷം പേർക്ക് 11,485 എന്ന തോതിലാണ് പരിശോധന നടത്തുന്നത്. ലാബുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനയാണ് ഇതിന് ഒരു കാരണമായി പറയുന്നത്. 1301 ലാബുകളാണ് ഉള്ളത്. ഇതിൽ 902 എണ്ണം സർക്കാർ ലാബുകളും 399 എണ്ണം സ്വകാര്യ ലാബുകളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |