ആലപ്പുഴ : ബിവറേജസ് കോർപറേഷനെ ആധുനികവത്കരിക്കാൻ ഒരു വർഷം മുമ്പ് തുടങ്ങിയ 30കോടി ചെലവുള്ള കേന്ദ്രീകൃത കമ്പ്യൂട്ടർവത്കരണം മുടങ്ങിയതിന്റെ പഴി കൊവിഡിന്. ഐ.ടി.സെൽ മാനേജർ തസ്തിക സൃഷ്‌ടിച്ച്, മാസം 85,000 രൂപ ശമ്പളത്തിൽ ഫെബ്രുവരിയിൽ ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനിൽ നിയമിച്ചിട്ടും പദ്ധതി മുടന്തുന്നു. ഏപ്രിലിൽ പൂർത്തിയാക്കേണ്ടതായിരുന്നു.
കോർപറേഷന്റെ കമ്പ്യൂട്ടർ വിഭാഗത്തിൽ എം.സി.എ യോഗ്യതയുള്ള 50 ഓളം പേർ ജോലി ചെയ്യുമ്പോഴാണ് എം.ടെക്ക് കാരനായ എച്ച്. എൽ.എൽ ഉദ്യോഗസ്ഥനെ ഭാരിച്ച ശമ്പളം നൽകി നിയമിച്ചത്.
ചില്ലറവില്പന ശാലകളിലെയും വെയർഹൗസുകളിലെയും കേബിൾ സ്ഥാപിക്കൽ ഏറക്കുറെ തീർന്നു. ആധുനിക ബില്ലിംഗ് മെഷീൻ വാങ്ങാൻ ടെൻഡർ നൽകിയെങ്കിലും മറ്റു നടപടികൾ മുടങ്ങി. സർക്കാരിന്റെ ഐ.ടി മിഷൻ, കെൽട്രോൺ തുടങ്ങിയ സ്ഥാപനങ്ങളാണ് ജോലികൾ ഏറ്റെടുത്തിട്ടുള്ളത്. 7.5 കോടി ചെലവുള്ള പുതിയ മൊബൈൽ ആപ്പ് തയ്യാറാക്കാനുള്ള കരാർ രാജസ്ഥാനിലെ സ്ഥാപനത്തിനാണ്.
ആപ്പാകാതിരിക്കാൻ പുതിയ ആപ്പ്
ചില്ലറ വില്പനശാലകളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനും മറ്റുമുള്ള മൊബൈൽ ആപ്പിന്റെ പരീക്ഷണം വിജയമായിരുന്നു. വില്പനശാലയിലുള്ള ബ്രാൻഡുകൾ, വില തുടങ്ങിയ വിവരങ്ങളും അറിയാം.രാജസ്ഥാനിലെ ജയ്‌പൂരിലുള്ള ഇ-കണക്ട് എന്ന സ്ഥാപനമാണ് ആപ്പ് തയ്യാറാക്കിയത്. വില്പനശാലകളിൽ തിരക്കുണ്ടായാലേ ഇതിന്റെ കാര്യക്ഷമത പരീക്ഷിക്കാനാവൂ.
വെയർഹൗസുകളും ലൈനിൽ
വില്പനശാലകളെയും വെയർഹൗസുകളെയും ആസ്ഥാന ഓഫീസുമായി ബന്ധിപ്പിക്കുന്ന ചുമതല കെൽട്രോണിനാണ്. സി.സി ടി.വി ഉൾപ്പെടെ ക്രമീകരിക്കും. ഓരോ ദിവസത്തെയും വില്പന, വരുമാനം, സ്റ്റോക്ക് എന്നിവ അപ്പപ്പോൾ എം.ഡി അടക്കമുള്ളവർക്ക് അറിയാം. 23 വെയർഹൗസുകളിൽ എട്ടെണ്ണം അടഞ്ഞുകിടക്കുകയാണ്. ക്യു ആർ കോഡ് ബില്ലിംഗ് ആണ് മറ്റൊരു പരിഷ്കാരം. മദ്യക്കുപ്പികളിൽ ബാർകോഡ് പതിക്കും. ടെൻഡർ പൂർത്തിയായെങ്കിലും പങ്കെടുക്കുന്ന കമ്പനികൾക്ക് തങ്ങളുടെ പോസിംഗ് മെഷീൻ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കാൻ സാധിച്ചിട്ടില്ല.
കൊവിഡ് നിയന്ത്രണമുള്ളതിനാൽ വിദഗ്ദ്ധർക്ക് പരിശോധനകൾ തീർക്കാൻ കഴിഞ്ഞില്ല. ബില്ലിംഗ് മെഷീൻ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തണം
സ്‌പർജൻകുമാർ (ബിവറേജസ് എം.ഡി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |