മണ്ണാർക്കാട്: മൈലാംപാടം പൊതുവപ്പാടം വീണ്ടും പുലിപ്പേടിയിൽ. ഇന്നലെ ജനവാസമേഖലയിൽ നിന്ന് പട്ടാപ്പകൽ ആടിനെ പിടികൂടി. മറ്റൊരാടിന് പരിക്കേൽക്കുകയും ചെയ്തു. പൊതുവപ്പാടം കൊങ്ങൻപറമ്പിൽ മുഹമ്മദ് അനസിന്റെ ആടിനെയാണ് കൊന്നുതിന്നത്.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് കൂടിനോട് ചേർന്ന് കെട്ടിയിട്ടിരിക്കുന്ന ആടിനെ പുലി പിടികൂടിയത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പ്രദേശത്തെ ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള കാട്ടിൽ പുലിയെയും കൊല്ലപ്പെട്ട ആടിന്റെ ശരീരഭാഗങ്ങളും കണ്ടെത്തി. പുലിയെ കണ്ടതോടെ നാട്ടുകാർ ഭയന്നോടി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥർ പരിശോധന നടത്തി. മേഖലയിൽ പുലി ശല്യം നാളുകളായി വർദ്ധിച്ചിട്ടുണ്ട്. പുലിയെ കണ്ട ഭാഗത്ത് രണ്ട് കോളനികളുമുണ്ട്. പകലും പുലിസാന്നിദ്ധ്യം കണ്ടതിനാൽ വൃദ്ധരും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വീടിന് പുറത്തിറങ്ങാൻ പോലും ഭയക്കുന്നു.
പുലിയെ പിടികൂടാൻ ഉടൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് ഇന്ന് വനം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |