വില്ലുപുരം: കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങിപ്പോയ അയൽവാസികളായ കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. തമിഴ്നാട് വില്ലുപുരം ജില്ലയിൽ കല്ലകുറിച്ചി സ്വദേശികളായ ഇ. രാജേശ്വരി (7), വനിത (4) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ തെരുവിൽ കളിക്കുകയായിരുന്ന കുട്ടികൾ വഴിയിൽ നിറുത്തിയിട്ടിരുന്ന അയൽവാസിയുടെ കാറിൽ കയറി.
രണ്ട് വർഷം മുമ്പ് ഒരു അപകടത്തിൽ കേടുപറ്രിയ കാർ നാളുകളായി വഴിയരികിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാറിന്റെ നാലു ഡോറുകളും പുറത്ത് നിന്ന് മാത്രമെ തുറക്കാൻ സാധിക്കുമായിരുന്നുള്ളു.
കളിക്കുന്നതിനിടെ കാറിനുള്ളിൽ അകപ്പെട്ട കുട്ടികൾ ഡോർ തുറക്കാനാകാതെ വന്നതോടെ കുടുങ്ങിപ്പോവുകയായിരുന്നു. രണ്ട് മണിക്കൂറോളം കുട്ടികൾ ഇതിനുള്ളിൽ കുടുങ്ങിക്കിടന്നെന്നാണ് സൂചന. വഴിയിലൂടെ പോയ ചിലരാണ് കുട്ടികളെ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവർ ബന്ധുക്കളെ വിവരം അറിയിച്ചു. ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിന്റെ ഉടമയേയും ചോദ്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |