പ്രതിഷേധങ്ങൾക്കൊടുവിൽ കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു ഇന്നലെ മരിച്ച ഔസേപ്പ് ജോർജിന്റെ മൃതദേഹം സംസ്‌കരിച്ചത്. നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് സംസ്‌കാരം മാറ്റിവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടർ നെൽസൺ ജോസഫ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ശാസ്ത്രീയമായി സംസ്കരിക്കുന്ന മൃതശരീരത്തിൽ നിന്ന് കൊവിഡ് പകരുവാനുള്ള സാദ്ധ്യത അപൂർവമാണെന്നും, ദഹിപ്പിക്കുമ്പൊൾ ഉണ്ടാവുന്ന പുകയിലൂടെ വരുന്ന കണങ്ങളിൽ നിന്ന് രോഗം പകരും എന്ന് വിശ്വസിക്കുന്നത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
" തൻ്റെ വീട്ടിൽ കൊണ്ടുപോടോ " എന്ന് ആക്രോശിക്കുന്നയാളുടെ വീഡിയോ കണ്ടു.
സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട്, ഒരുപക്ഷേ അയാൾ സമാധാനമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ എത്തിയതാവാം, നേതാവ് പറയുന്ന വാക്കുകളാണ്.
വീട്ടിൽ കൊണ്ടുപോയിട്ടുണ്ട് സർ.
അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവായപ്പോൾ ഒരു മാസം മാത്രം പ്രായമായ കുഞ്ഞിൻ്റെ റിസൾട്ട് നെഗറ്റീവ്. ഒരു മാസക്കാലം കുഞ്ഞിനൊപ്പം ക്വാറൻ്റൈനിൽ കഴിഞ്ഞ ഡോ. മേരി അനിതയെക്കുറിച്ച് വായിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. അയലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ കുഞ്ഞിനെ പാമ്പ് കടിച്ചു. നിലവിളി കേട്ട് ക്വാറൻ്റൈനെക്കുറിച്ച് ആലോചിക്കാതെ ഓടിയെത്തി കുഞ്ഞിനെയുമായി ആശുപത്രിയിലെത്തിയത് ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പാണത്തൂര്‍ യൂണിറ്റ് കണ്‍വീനര്‍ കൂടിയായ സഖാവ് ജിനിൽ മാത്യു. വീട്ടിൽ കൊണ്ടുപോയവരുണ്ട്, വീട്ടിലേക്ക് ഓടിയെത്തിയവരുമുണ്ട്.. ഉദാഹരണങ്ങൾ മാത്രമാണ്. സന്നദ്ധപ്രവർത്തകർ അടക്കം രാഷ്ട്രീയവും മതവുമില്ലാതെ സേവനം ചെയ്യുന്ന നൂറുകണക്കിനാൾക്കാരുണ്ട്. അങ്ങനെയുള്ളവർ മറിച്ച് ചിന്തിച്ചിരുന്നെങ്കിലോ സർ? കൃത്യമായി ശാസ്ത്രീയമായി സംസ്കരിക്കുന്ന മൃതശരീരത്തിൽ നിന്ന് കൊവിഡ് പകരുവാനുള്ള സാദ്ധ്യത അപൂർവമാണ്. ദഹിപ്പിക്കുമ്പൊ ഉണ്ടാവുന്ന പുകയിലൂടെ വരുന്ന കണങ്ങളിൽ നിന്ന് രോഗം പകരും എന്ന് വിശ്വസിക്കുന്നത് തെറ്റിദ്ധാരണയാണ്. മൃതശരീരം തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ആ സ്രവങ്ങൾ തെറിക്കില്ല. അങ്ങനെ പടരില്ല. എന്നാൽപ്പോലും ഒരു ചെറിയ സാദ്ധ്യത പോലും ഒഴിവാക്കാനുള്ള മുൻ കരുതലുകളാണ് എടുക്കുന്നത്. അതിനെക്കാൾ അപകടം ആളുകൾ ശാരീരിക അകലം പാലിക്കാതെ ഒത്തുചേരുമ്പൊഴാണെന്ന് അവരെ പറഞ്ഞ് മനസിലാക്കണം. അത് വിശദീകരിക്കാനും തെറ്റിദ്ധാരണ നീക്കുവാനും ശ്രമിക്കുമ്പൊ ഇത്തരം ആക്രോശങ്ങൾ നടത്തുന്നത് എന്ത് കഷ്ടമാണ് സർ. അവരുടെ തെറ്റിദ്ധാരണ മാറ്റുവാനുള്ള അവസരമെങ്കിലും ഉണ്ടാവണം. ഇല്ലെങ്കിൽ സമ്പൂർണ സാക്ഷരതയെക്കുറിച്ച് പറഞ്ഞിട്ടെന്താണ് സർ കാര്യം?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |