ലോകം മുഴുവൻ കൊവിഡ് രോഗത്തിന് മുന്നിൽ ഇരുട്ടിലാണ്. ഏതാണ്ട് എല്ലാ രാജ്യങ്ങളും തന്നെ ഈ ഇത്തിരിക്കുഞ്ഞൻ വൈറസിന് മുന്നിൽ പകച്ചുനിൽക്കുകയാണ്. രോഗബാധിതരും മരണസംഖ്യകളും നാൾക്കുനാൾ വർദ്ധിക്കുന്നു. പഴയതുപോലെ ജീവിതം ചലിച്ചു തുടങ്ങാൻ ഒരേ ഒരു പ്രതീക്ഷ മാത്രമാണ് മുന്നിലുള്ളത്, കൊവിഡ് -19 എന്ന മഹാമാരിയെ നേരിടാനുള്ള വാക്സിൻ കണ്ടെത്തുക. ആ കാത്തിരിപ്പിനൊടുവിലാണ് പ്രതീക്ഷയുടെ വെളിച്ചം നൽകി പൂനെയിലെ സിറം ഇൻസ്റ്രിറ്റ്യൂട്ടിന്റെ കടന്നു വരവ്. അതിൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു പേരുണ്ട്, പുരുഷോത്തമൻ നമ്പ്യാർ എന്ന കണ്ണൂരുകാരന്റെ സാന്നിദ്ധ്യം. ചൈനയിൽ കൊവിഡ് കാണപ്പെട്ടപ്പോൾ മുതൽ ലോകത്തിലെ ഏറ്രവും വലിയ വാക്സിൻ നിർമ്മാതാക്കളിലൊന്നായ സിറം ഇൻസ്റ്രിറ്റ്യൂട്ട് പ്രതിരോധ മരുന്നിനുള്ള ഗവേഷണവുമായി മുന്നോട്ട് വന്നിരുന്നു. ബ്രിട്ടീഷ് കമ്പനിയായ അസ്ഫ്ര സെനിക്കാ പ്രൊഡക്ട്സിന്റെ സഹായത്തോടെ ഓക്സ്ഫോഡ് സർവകലാശാലയാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. ഇതിന്റെ സാങ്കേതിക പരിജ്ഞാനം 150 കോടി രൂപ കൊടുത്ത് വാങ്ങിയ സിറം ഇൻസ്റ്രിറ്റ്യൂട്ട് ഇപ്പോൾ ഇന്ത്യയിൽ മനുഷ്യരിൽ മൂന്നാംഘട്ട പരീക്ഷണം നടത്തുന്നു. നവംബറിൽ വാക്സിൻ നിർമ്മിക്കാനുള്ള അവസാന ഘട്ട യാത്രയിലാണ് സിറം ഇൻസ്റ്രിറ്റ്യൂട്ട്. ലോകത്തിന്റെ രക്ഷകരാകാനുള്ള ഈ അപൂർവ ഉദ്യമത്തിൽ പുരുഷോത്തമൻ നമ്പ്യാരുടെ പങ്കും ഏറെ വലുതാണ്. 1990 ജനുവരി ഒന്നിന് സിറം ഇൻസ്റ്രിറ്റ്യൂട്ടിൽ എത്തിയ അദ്ദേഹം ഇപ്പോൾ കമ്പനിയുടെ എക്സ്പോർട്ട് ഇംപോർട്ട് തലവനാണ്.
കണ്ണൂരിൽ നിന്നും മുംബയിലേക്ക്
ജീവിതം കരുപ്പിടിപ്പിക്കാനുള്ള സ്വപ്നങ്ങളുമായാണ് കണ്ണൂർ ചെറുകുന്നിൽ നിന്നുള്ള ഈ ചെറുപ്പക്കാരൻ മുംബയ്ക്ക് വണ്ടി കയറിയത്. അമ്മാവൻ അവിടെയുണ്ടെന്നതു മാത്രമായിരുന്നു ഏക ആശ്വാസം. എഴുപതുകളുടെ തുടക്കത്തിൽ അല്പം വിദ്യാഭ്യാസമുള്ള നല്ലൊരു ശതമാനം ചെറുപ്പക്കാരും ടൈപ്പും ഷോർട്ട് ഹാൻഡും പഠിച്ച് മുംബയ് ലക്ഷ്യം വയ്ക്കുകയായിരുന്നു പതിവ്. അക്കൂട്ടത്തിലൊരാളായി പുരുഷോത്തമൻ നമ്പ്യാരും. ആതുരസേവനമായിരുന്നു കുടുംബത്തിന്റെ മുഖമുദ്ര എന്നു പറയാം. അമ്മയുടെ അച്ഛൻ ഈറേത്ത് ഗോപാലൻ എഴുത്തച്ഛൻ ചെറുകുന്നിൽ പി.ജി. നമ്പ്യാർ ഔഷധാലയം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരിലൊരാളായിരുന്നു പുരുഷോത്തമൻ നമ്പ്യാരുടെ അച്ഛൻ രാഘവൻ നമ്പ്യാർ. വിവിധ തരത്തിലുള്ള ഒൗഷധങ്ങളും കഷായങ്ങളും എണ്ണകളുമൊക്കെ അവിടെ തന്നെ ഉണ്ടാക്കും. ധാര, പിഴിച്ചിൽ, ഉഴിച്ചിൽ തുടങ്ങി പഞ്ചകർമ്മ ചികിത്സയും വ്യത്യസ്ത രീതിയിലുള്ള ആയുർവേദ ചികിത്സകളൊക്കെ അവിടെ നടക്കും. അന്ന് 40 പേർ അവിടെ മരുന്നുണ്ടാക്കാൻ മാത്രമുണ്ടായിരുന്നു. മുത്തച്ഛന്റെ പാരമ്പര്യം പിന്തുടർന്ന് പുരുഷോത്തമൻ നമ്പ്യാരുടെ അച്ഛനും അത് നിലനിറുത്തി. കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ അച്ഛൻ ആയുർവേദം പഠിക്കാൻ പോയി. കോഴ്സ് കഴിഞ്ഞ ശേഷം പി.എസ്. വാര്യരുടെ നിർദ്ദേശ പ്രകാരം അവിടെത്തന്നെ കുറച്ചുകാലം പ്രൊഫസറായി പ്രവർത്തിച്ചു. പിന്നീട് നാട്ടിലേക്ക് വന്നു ഒൗഷധാലയത്തെ മെച്ചപ്പെടുത്താനുള്ള നടപടികൾ തുടങ്ങി. അപ്പോഴേക്കും ആയുർവേദം പതുക്കെ അപ്രസക്തമായിക്കൊണ്ടിരുന്നു. കൊമേഴ്സ്യൽ ആയി നടത്താത്തതു കൊണ്ട് ഔഷധാലയം മുന്നോട്ട് കൊണ്ടുപോവാനും ബുദ്ധിമുട്ടി. കുടുംബത്തിൽ വരുമാനംകുറഞ്ഞതു ഔഷധാലയത്തെയും ബാധിച്ചു. അക്കാലത്താണ് സംസ്ഥാനത്ത് ഭൂപരിഷ്കരണം നടപ്പിലാക്കിയത്. കുടുംബത്തിന് സാമാന്യ ഭൂമിയും വരുമാനവും ഉണ്ടായിരുന്നു. ഭൂമിയെല്ലാം കുടിയാന്മാർക്ക് കൊടുക്കേണ്ടി വന്നു. വരുമാനവും നിലച്ചു. പിന്നെ സ്വയം തൊഴിൽ കണ്ടെത്തേണ്ടി വന്നു. നാട്ടിലാണെങ്കിൽ ജോലിയുമില്ല. അങ്ങനെയാണ് 1973ൽ സ്കൂൾ പഠനം മാത്രം പൂർത്തിയാക്കിയ പുരുഷോത്തമൻ നമ്പ്യാർ മുംബയിലെ അമ്മാവന്റെ അരികിലേക്ക് കൊണ്ടുവരുന്നത്. 1974ൽ അച്ഛൻ മരിച്ചു. ഔഷധാലയം ശിഷ്യന്മാർക്ക് നൽകി.
പടവുകൾ ഓരോന്നായി
പുരുഷോത്തമൻ നമ്പ്യാരുടെ ജീവിതം അക്ഷരാർത്ഥത്തിൽ ആരംഭിക്കുന്നത് മുംബയിലാണ്. അന്ന് ബ്രിട്ടീഷ് കമ്പനിയായിരുന്ന എസ്സോയിൽ (ഇന്നത്തെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ) ജോലിയായിരുന്നു അമ്മാവന്. അഞ്ചുവർഷം മുംബയിൽ നിന്ന ശേഷം പൂനെയിലെത്തി. അവിടെ നിന്നാണ് ബിരുദം നേടിയത്. സിംബയോസിസ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടി. പിന്നീട് നിയമ ബിരുദവും. ജോലി ചെയ്യുമ്പോൾ തന്നെ പല കോളേജുകളിലും നിന്നായി ഫോറിൻട്രേഡ് പഠിച്ചു. ഇന്ത്യൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ഫോറിൻ ട്രേഡിൽ നിന്ന് പി.ജിയും നേടി. 90 കളിൽ ആഗോള വത്കരണ നടപടികൾ തുടങ്ങിയതോടെ പ്രത്യേക സാമ്പത്തിക മേഖലയും ഫ്രീസോണുമൊക്കെ വ്യവസായ മേഖലയിലും ആവശ്യമായി വന്നു. ഈ കാലഘട്ടത്തിലാണ് കേന്ദ്ര സർക്കാർ പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി നിയമം കൊണ്ടുവന്നത്. ഈ നിയമവും അതിന്റെ ചട്ടവും തയാറാക്കുന്ന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നമ്പ്യാരുമുണ്ടായിരുന്നു. 2003-05ലായിരുന്നു ഇത്. 2006 ഇതിന്റെ ചട്ടം നിലവിൽ വന്നു. വേൾഡ് ഫ്രീ സോൺ ഓർഗനൈസേഷന്റെ സ്ഥാപക അംഗവും കുറേക്കാലം ഡയറക്ടറുമായിരുന്നു നമ്പ്യാർ. ഇപ്പോൾ അതിന്റെ ഏഷ്യയിലെ അംബാസിഡറുമാണ്. പത്രങ്ങളുമായും നമ്പ്യാർക്ക് ബന്ധമുണ്ടായിരുന്നു. 1976-77 ലായിരുന്നു അത്. ഇന്ത്യയിൽ ആദ്യമായി ഫോട്ടോഗ്രാഫി, റിപ്പോഗ്രാഫിക് എക്വിപ്മെന്റ് സിസ്റ്രം മാർക്കറ്ര് ചെയ്തത് നമ്പ്യാരായിരുന്നു. അന്നു തിരുവനന്തപുരത്ത് കേരള കൗമുദിയിൽ വന്ന കാര്യം നമ്പ്യാർ ഓർക്കുന്നു. അന്ന് തനിക്ക് 21 വയസേ ഉണ്ടായിരുന്നു എന്നും അദ്ദേഹം ഓർത്തു. അതു കഴിഞ്ഞാണ് തെർമാക്സിൽ ചേർന്നത്. 13 വർഷം തെർമാക്സിൽ പ്രവർത്തിച്ചു. അവിടെ ഇംപോർട്ട്, എക്സ്പോർട്ടിലായിരുന്നു ജോലി. 1989ൽ ഡിസംബർ 31ന് അവിടെ നിന്ന് രാജിവച്ച് അടുത്ത ദിവസം പുനെവാല കമ്പനിയിൽ ജോലി ചെയ്തു തുടങ്ങി. മഹാരാഷ്ട്ര ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഫോറിൻ ട്രേഡ് കമ്മിറ്രിയിൽ കഴിഞ്ഞ 30 വർഷമായി ചെയർമാനായി പുരുഷോത്തമൻ നമ്പ്യാർ പ്രവർത്തിക്കുന്നു. പൂനെ വേൾഡ് മലയാളി കൗൺസിൽ ചെയർമാനാണ്. 30 ഓളം മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ഒരു ഫെഡറേഷൻ ഉണ്ടാക്കി. പൂനെ മലയാളി ഫെഡറേഷന്റെ സ്ഥാപക അംഗവും മൂന്നുവർഷവും ചെയർമാനുമായിരുന്നു. പൂനെ ദേഹു റോഡിൽ ഒരു ചെറിയ അമ്പലം ഉണ്ടായിരുന്നു. മലയുടെ മുകളിലാണ്.14000 ചതുരശ്ര അടിയുണ്ട്. അതിനെ പുനരുദ്ധാരണം ചെയ്ത് നവീകരിച്ച് വലിയ ക്ഷേത്രമാക്കിയതിന് പിറകിലും നമ്പ്യാരുടെ നേതൃത്വമുണ്ടായിരുന്നു. ആ ക്ഷേത്രത്തിന്റെ സെക്രട്ടറി കൂടിയാണ്. സാമൂഹ്യ പ്രവർത്തനങ്ങളിലും ആദ്ധ്യാത്മിക പരിപാടികളിലും വളരെ സജീവമാണ്. ഐ.എം.ഡി.ആർ, പൂനെ സിംബയോസിസ്, പൂനെ യുണിവേഴ്സിറ്റി എന്നിവയുടെ ഫോറിൻ ട്രേഡ് സിലബസ് തയ്യാറാക്കിയതിന് പിന്നിലും ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ട്. ഇപ്പോഴും പല കോളേജുകളിലും വിസിറ്രിഗ് ഫാക്കൽറ്റി കൂടിയാണ്.
പുരുഷോത്തമൻ നമ്പ്യാർ എത്തിയ ശേഷമാണ് സിറം കമ്പനി കയറ്റുമതി തുടങ്ങിയത്. ഫോറിൻട്രേഡ്, ഫ്രീസോൺ എന്നിവയിൽ വിദഗ്ദ്ധനായ അദ്ദേഹം എത്തുമ്പോൾ കമ്പനിയിൽ ആകെയുണ്ടായിരുന്നത് 900 ജീവനക്കാർ. ഇന്നത് 5400 ആയി. 170 രാജ്യങ്ങളിൽ സിറത്തിന് ഇന്ന് വിപണന ശൃംഖലകളുണ്ട്.
പ്രതീക്ഷയുടെ കിരണങ്ങൾ
ഇന്ത്യയിൽ 5000 പേരിൽ പരീക്ഷണം നടത്താനുള്ള അനുവാദത്തിനായി സിറം കേന്ദ്രസർക്കാറിനെ സമീപിച്ചിരിക്കുകയാണ്. എവിടെ, എപ്പോൾ, എങ്ങനെ പരീക്ഷണം നടത്തണമെന്നൊക്കെ തീരുമാനിക്കുന്നതും അതിനുള്ള പ്രോട്ടോക്കോൾ ഉണ്ടാക്കുന്നതുമൊക്കെ കേന്ദ്ര സർക്കാരായിരിക്കും. പരീക്ഷണത്തിന്റെ ഫലം അറിയാൻ 45 ദിവസം പിടിക്കും. തുടർന്ന് മരുന്നിന് ഡ്രഗ് കൺട്രോൾ ജനറലും കേന്ദ്രസർക്കാരും അനുവാദം നൽകണം. പിന്നീട് മരുന്ന് വിപണനം ചെയ്യാനുള്ള അനുവാദവും. ഒക്ടോബർ അവസാനത്തോടെയോ നവംബറിലോ വാക്സിൻ നിർമ്മിച്ചു തുടങ്ങാം. കേന്ദ്രസർക്കാർ ഇതുവാങ്ങി ഇന്ത്യയിലെല്ലാവർക്കും സൗജന്യമായി കൊടുക്കുമെന്നാണ് കരുതുന്നത്. ആദ്യം കൊവിഡിനെതിരെ പേരാടുന്ന ആരോഗ്യ പ്രവർത്തകർക്കും പിന്നെ പ്രായാധിക്യം വന്നവർക്കും രോഗസാദ്ധ്യതയുള്ളവർക്കുമാണ് വാക്സിൻ നൽകുക. പ്രതിമാസം പത്ത് കോടി വാക്സിൻ ഉണ്ടാക്കും. പത്ത് മാസത്തിനുള്ളിൽ നൂറ് കോടി വാക്സിൻ. ഓക്സ്ഫോഡുമായി സഹകരിച്ചുള്ള വാക്സിൻ പരീക്ഷണമല്ലാതെ മറ്റു അഞ്ച് ടെക്നോളജി ഉപയോഗിച്ചുള്ള വാക്സിൻ പരീക്ഷണങ്ങളും സമാന്തരമായി സിറം ഇൻസ്റ്രിറ്റ്യൂട്ട് നടത്തുന്നുണ്ട്. ഇതേ സമയത്ത് തന്നെ കോഡജെനിക്സ് എന്ന അമേരിക്കൻ കമ്പനിയുമായി ചേർന്ന് മറ്രൊരു ടെക്നോളജിയുടെ അടിസ്ഥാനത്തിൽ പ്രതിരോധ മരുന്നു ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. മീസിൽസിനായി ഉണ്ടാക്കിയ വാക്സിനിൽ പുതിയ ക്രമീകരണങ്ങൾ നടത്തി കൊവിഡിനായുള്ള വാക്സിൻ ഉണ്ടാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് . ബി.സി.ജി വാക്സിനിൽ കൊവിഡ് വൈറസിന്റെ ജനിതക ഭാഗം സംയോജിപ്പിച്ചും വാക്സിൻ ഉണ്ടാക്കുന്നതാണ് മറ്രൊന്ന്. ഈ രണ്ട് പരീക്ഷണങ്ങളും സിറം ഇൻസ്റ്രിറ്റ്യൂട്ട് സ്വന്തമായാണ് ചെയ്യുന്നത്. അമേരിക്കയിലെ എം.ഐ.ടിയുമായി ചേർന്ന് ഒരേ സമയം പ്രതിരോധമരുന്നും കോവിഡിനുള്ള മരുന്നും ഉണ്ടാക്കാനും ശ്രമമുണ്ട്. വൈറസിന്റെ ജനറ്രിക്കൽ സ്ട്രക്ചർ മനസിലാക്കി അതിനെ നശിപ്പിക്കാനുള്ള മരുന്നു ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടാണ്. മരുന്നിന് വൈറസിന്റെ വീര്യം കുറയ്ക്കാനേ കഴിയൂ. പൂർണമായും നശിപ്പിക്കാൻ കഴിയില്ല. ഇവർ രോഗ ചികിത്സയ്ക്കുള്ള ടാബ് ലറ്ര് ആണ് ഉണ്ടാക്കുക. പ്രതിരോധ മരുന്ന് കഴിച്ചാൽ വൈറസ് ശരീരത്തിൽ കടക്കുമ്പോഴേക്കും അതിന്റെ വീര്യത്തെ നശിപ്പിക്കാൻ കഴിയും. അതോടെ വൈറസ് കടന്നാലും മറ്രു ശരീര ഭാഗങ്ങളെ ആക്രമിക്കാൻ കഴിയില്ല.
മനസിലിന്നും കേരളമുണ്ട്
പൂനെയിലാണ് കുടുംബസമേതം സ്ഥിരതാമസമെങ്കിലും നാടിനെ നമ്പ്യാർ മറന്നിട്ടില്ല. വർഷം മൂന്നു നാലു തവണ ഇപ്പോഴും നാട്ടിൽ പോകും. നാട്ടിലിപ്പോഴും വീടും സ്ഥലവും ഉണ്ട്. കല്യാശ്ശേരിയിലാണ് അമ്മയുടെ കുടുംബ ക്ഷേത്രം. അച്ഛന്റേത് അഴീക്കോടും. പഴശ്ശി രാജാവിന്റെ കുടുംബദേവത തന്നെയാണ് ഞങ്ങളുടേതും. ഭാര്യ വിജയലക്ഷ്മി നമ്പ്യാർ. മകൾ ഗായത്രി നമ്പ്യാർ കുടുംബ സമേതം മുംബയിലാണ് താമസം. നിയമബിരുദത്തിന് ശേഷം ബൗദ്ധിക സ്വത്തവകാശ നിയമനത്തിൽ പി.ജി എടുത്തു. ഇപ്പോൾ മുംബയിൽ സ്വന്തമായി ലീഗൽ സ്ഥാപനം നടത്തുന്നു. മകളുടെ ഭർത്താവ് പ്രജിത് ചന്ദ്രശേഖരൻ മുംബയിൽ ഒരു ഫിനാൻഷ്യൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.രണ്ടുകൊച്ചുമക്കളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |