ആലപ്പുഴ: മോഷ്ടിച്ച ബൈക്കിലെത്തിയ യുവാക്കൾ വാഹനപരിശോധനക്കിടെ പൊലീസിന് മുന്നിൽ കുടുങ്ങി. ആലപ്പുഴ മുരുകൻവെളി കാക്കാലംപറമ്പിൽ അഖിൽ(18), അവലൂക്കുന്ന് പുത്തൻപുരയ്ക്കൽ അജയ് (25), ആര്യാട് മുബാറക് മൻസിലിൽ മുബാറക് (19), കായംകുളം കുറ്റിത്തുറ കിഴക്കേതിൽ സഹീർ ഖാൻ ( 19) എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് 7.30ന് കൈചൂണ്ടി ജംഗ്ഷനിൽ വാഹനപരിശോധനയ്ക്കിടെ പൊലീസിന്റെ പിടിയിലായത്. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നോർത്ത് എസ്.ഐ ടോൾസൺ പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം, ഇവർ ഉപയോഗിച്ച പൾസർ ബൈക്കിന്റെ നമ്പർ പരിശോധിച്ചതോടെ ഇത് വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്ന് നടത്തിയചോദ്യം ചെയ്യലിൽ വാഹനം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് മോഷ്ടിച്ചതാണെന്നും സംഘത്തിൽ കൂടുതൽപ്പേരുണ്ടെന്നും വെളിപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവർ മോഷ്ടിച്ച ഒരു ഡ്യൂക്ക് ബൈക്കും കണ്ടെത്തി. കൂടുതൽ വാഹന മോഷണക്കേസുകളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. നോർത്ത് എസ്.ഐ ടോൾസൺ പി.ജോസഫ്, സി.പി.ഒമാരായ എൻ.എസ്.വിഷ്ണു, ബിനുമോൻ, ലാലു അകല്സ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |