പൂർവികരെന്നു പറയുന്നെങ്കിലും പ്രസവാവധിയും മെഡിക്കൽ ലീവുമൊന്നും പ്രകൃതി വാനരവർഗത്തിന് അനുവദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജനിക്കുന്ന കുട്ടികളെ കയ്യിലും മാറത്തുമൊക്കെയായി കൊണ്ടുനടന്നുവേണം അമ്മമാർക്ക് വളർത്താൻ. ആറേഴു മാസക്കാലം വയറ്റിനുള്ളിലും അതിന്റെ പകുതിയോളം കാലം വയറിനുപുറത്തുമായി മക്കളെ ചുമക്കാൻ ഈ അമ്മമാർ വിധിക്കപ്പെട്ടിരിക്കുന്നു. ടൂ ഇൻ വൺ എന്നു പറയുമ്പോലെ ഇര തേടുകയും മക്കളെ വളർത്തുകയും ചെയ്യണം. കുട്ടികളെ താഴെ ഇറക്കിയാലും മരഞ്ചാടികളായതിനാൽ പെട്ടെന്ന് ഓടിപ്പോയി അമ്മയുടെ മാറിൽ പറ്റിപ്പിടിച്ചു കിടക്കുകയും ചെയ്യും. അതവർക്ക് ജന്മനാകിട്ടിയ കഴിവാണ്. കുഞ്ഞുങ്ങൾ സ്വയം പ്രാപ്തരാകുന്നതുവരെ ഇത് തുടരുന്നു. കങ്കാരുവിനെപ്പോലെ നെഞ്ചിൽ സഞ്ചികൾ ഇല്ലെങ്കിലും കുട്ടിക്കുരങ്ങുകൾ അമ്മയെ മുറുകെ കെട്ടിപ്പിടിച്ച് കിടന്നുകൊള്ളും.ഒരു മരത്തിൽ നിന്ന് അല്പം അകലെ മറ്റൊന്നിലേക്കു അമ്മ കുരങ്ങ് ഈ കുഞ്ഞിനെയും കൊണ്ട് അനായാസം ചാടുമ്പോൾ നമുക്ക് അതിശയം തോന്നും.
വളരുന്ന പ്രായത്തിൽ മനുഷ്യക്കുഞ്ഞുങ്ങളെക്കാൾ ചാപല്യവും കുസൃതികളും കുഞ്ഞുകുരങ്ങൻമാർ കാണിക്കും. ഓരോ അമ്മമാരും വളരെ ക്ഷമയോടും ശ്രദ്ധയോടുമാണ് ഇവരെ നോക്കുന്നത്. ഇവർക്ക് ഭക്ഷണം കൊടുക്കുന്നതും ലാളിക്കുന്നതും ഓമനിക്കുന്നതും കാണുമ്പോൾ ആ മാതൃത്വം നമ്മളെ അത്ഭുതപ്പെടുത്തും. സൗകര്യമായി അടുത്തുകിട്ടുന്ന വന്യജീവി എന്നതിനാൽ കുരങ്ങുകളുടെ ധാരാളം ചിത്രങ്ങൾ ഇതിനകം വൈൽഡ് ലൈഫിന്റെ ആവശ്യത്തിനായി ഞാൻ എടുത്തിട്ടുണ്ട്, ഇപ്പോഴും എടുത്തുകൊണ്ടുമിരിക്കുന്നു. അങ്ങനെ ഒരിക്കൽ ഫോട്ടോ ഷൂട്ടൊക്കെ കഴിഞ്ഞ് കാമറയുമായി തിരികെ വരുമ്പോൾ ഒരു വീടിന്റെ മേൽക്കൂരക്ക് മുകളിൽ കുറെ കുരങ്ങുകൾ ഇരിക്കുന്നതുകണ്ടു. കുത്തിമറിയാലും കുസൃതികളുമായി ഓരോരുത്തർ അരങ്ങ് തകർക്കുന്നു. കുന്നും മലകളുമായതിനാൽഈ നാട്ടിൽ വെള്ളത്തിനു ക്ഷാമം അനുഭവപ്പെടാറുണ്ട്. അതിനാൽ എല്ലാവീടുകളുടെയും ടെറസുകളിൽ പലതരത്തിലും വലിപ്പത്തിലുമുള്ള വാട്ടർ ടാങ്കുകളുടെ നിര തന്നെയുണ്ടാകും. ഈ വീടിന്റെ മുകളിലും അതുണ്ടായിരുന്നു.
കൂട്ടത്തിൽ അവിടെ കണ്ട കാഴ്ച ഏറെ രസകരമായിരുന്നു. മേൽക്കൂരയിൽ എത്തിയ ഒരു അമ്മക്കുരങ്ങ് മാറിൽ തൂങ്ങിക്കിടന്ന കുഞ്ഞിനെ റൂഫിൽ ഇറക്കി വിട്ടശേഷം വാട്ടർ ടാങ്കിന്റെ മുകളിൽ വെറുതെയിരുന്നു. ഞാൻ നിൽക്കുന്നതിന്റെ എതിർവശത്തേക്കു തിരിഞ്ഞാണ് അവന്റെ ഇരിപ്പ്. പല വേലകളും കുരുത്തക്കേടുകളും കാണിച്ചശേഷം ആ കുഞ്ഞൻ കുരങ്ങ് റൂഫിൽ നിന്നും മലകയറ്റക്കാർ കയറിൽ പിടിച്ചു കയറുമ്പോലെ അമ്മയുടെ വാലിൽ പിടിച്ചു മുകളിലേക്ക് കയറുന്ന രസകരമായ രംഗമാണ് ഇത്. ഒന്നുമറിയാത്ത പോലെ ക്ഷമയോടെ ഇരുന്നുകൊടുക്കുന്ന അമ്മ. ഹ്യൂമർ വിഭാഗത്തിൽ രണ്ട് സമ്മാനങ്ങൾ നേടിയതാണ് ഈ ചിത്രം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |