സിയോള്‍: കൊവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഉപയോഗിച്ച് തുടങ്ങിയ മാസ്കും സാനിറ്റൈസറും ഇപ്പോൾ നിത്യ ജീവിതത്തിന്റെ ഭാഗമായി. കറൻസി നോട്ടുകളിൽ നിന്നും കൊവിഡ് പടരുനുള്ള സാദ്ധ്യത പേടിച്ച് പണം കൈമാറുന്നതിന് പകരം ഓൺലൈൻ ബാങ്കിംഗും വർദ്ധിച്ചു. എന്നാൽ കൊവിഡിനെ തുരത്താൻ നോട്ടുകള്‍ വാഷിംഗ് മെഷീനിലിട്ട് അലക്കിയെടുക്കുകയാണ് ഒരാൾ ചെയ്തത്. സിയോളിനടുത്തുള്ള അന്‍സാന്‍ നഗരത്തിലെ ഇയോം കുടുംബാംഗമാണ് നോട്ടുകള്‍ അലക്കിയെടുത്തത്.
നോട്ടിൽ നിന്നും കൊവിഡ് പടരുമൊയെന്ന് പേടിച്ചാണ് നോട്ടുകള്‍ വാഷിംഗ് മെഷീനിലിട്ട് അലക്കിയെടുത്തത്. വാഷിംഗ് മെഷീനില്‍നിന്ന് പുറത്തെടുത്തപ്പോള്‍ നോട്ടുകള്‍ പലതും കീറിപ്പറിഞ്ഞു. ഇവയുമായി ബാങ്ക് ഓഫ് കൊറിയയില്‍ എത്തിയപ്പോള്‍ 23 ദശലക്ഷം വോണിന്റെ (19,320 ഡോളര്‍) പുതിയ കറന്‍സിയാണ് തിരികെ നല്‍കിയത്. ബാങ്ക് നിയമ പ്രകാരം മോശം നോട്ടുകള്‍ക്ക് പകുതി മൂല്യമാണ് തിരികെ നല്‍കിയതെന്ന് ബാങ്ക് ഔദ്യോഗിക സ്ഥിരീകരണത്തില്‍ പറഞ്ഞു.
എണ്ണാന്‍ കഴിഞ്ഞ കീറിയ നോട്ടുകള്‍ക്കാണ് പുകുതി മൂല്യം നല്‍കിയതെന്നും എണ്ണാന്‍ പോലും കഴിയാത്ത രീതിയില്‍ കീറിപ്പറിഞ്ഞ നോട്ടുകള്‍ കണക്കിലെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. എത്ര നോട്ടുകളാണ് ഇയാള്‍ കഴുകാന്‍ ശ്രമിച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിലും വലിയ നഷ്ടമാണ് സംഭവിച്ചിട്ടുണ്ടാകുകയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
മറ്റൊരു സംഭവത്തില്‍ കോവിഡ് ഭീതിയില്‍ നോട്ടുകള്‍ മൈക്രോവേവിലിട്ട് ചൂടാക്കിയ കിം എന്നയാള്‍ക്കും നഷ്ടമുണ്ടായതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. കേടുപാടുകള്‍ കുറവാണെങ്കില്‍ ബാങ്ക് മുഴുവന്‍ തുകയും നല്‍കും. എന്നാല്‍ കേടുപാട് കൂടുതലാണെങ്കില്‍ പുകുതി മൂല്യമാണ് നല്‍കുക. സാരമായ നാശം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഒട്ടും മൂല്യം ലഭിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |