കോട്ടയം: പതിവുപോല സായാഹ്ന സവാരിക്ക് പോകുന്ന പൊമേറിയൻ നായ ലക്കി കഴിഞ്ഞ ദിവസം കൂട്ടുകാരി മണിയെയും കൂട്ടി. വീട്ടുകാരറിയാതെ കൂടിന്റെ കൊളുത്ത് നീക്കി വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലെ സവാരി പരിചയമില്ലാത്ത മണി മൂന്നു കിലോമീറ്ററിനപ്പുറം കാറിനടിയിൽപ്പെട്ട് മൃതപ്രായമായതോടെ ലക്കിയിലുണ്ടായ അങ്കലാപ്പും സങ്കടവും കണ്ടുനിന്നവരുടെയും കണ്ണു നനച്ചു.
കഴിഞ്ഞ ദിവസം സന്ധ്യകഴിഞ്ഞ് കോട്ടയം-കറുകച്ചാൽ റോഡിൽ പരിയാരം അഞ്ചേരി യു.പി.സ്കൂളിന് സമീപമായിരുന്നു പൊമേറിയൻ പെൺ നായയുടെ അന്ത്യം.
സീൻ 1
കനത്തമഴയിൽ ചലനമറ്റ് കിടക്കുന്ന പെൺനായയുടെ അരികിലേക്ക് ആൺനായ ഓടിയെത്തി ഉണർത്താൻ ശ്രമിക്കുന്നു. ദേഹത്തെ ചോര നക്കിത്തുടച്ചു. വാഹനങ്ങൾ വരുന്നത് കണ്ടതോടെ കടിച്ചുവലിച്ച് ഇടത് വശത്തേക്കു നീക്കി. തലകൊണ്ട് അമർത്തി എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു.
സീൻ 2
മഴവെള്ളം നിറഞ്ഞതോടെ കടിച്ചുവലിച്ച് പുൽപ്പരപ്പിലേക്ക് ചേർക്കുന്നു. പ്രദേശവാസി സന്തോഷും സുഹൃത്തുക്കളും ബിസ്കറ്റും മറ്റും നൽകിയിട്ടും ഭാവഭേദമില്ല. നായയെ കുഴിച്ചിടാൻ തൂമ്പയുമായി നാട്ടുകാരെത്തിയതോടെ ലക്കി കുരച്ചുചാടി.
സീൻ 3
ലക്കിയെ വടിയെടുത്ത് വിരട്ടി അകറ്റി. മണിയെ തൊട്ടടുത്ത് മറവ് ചെയ്തു. ആളുകൾ മാറിയതോടെ അവിടേക്ക് വന്ന നായ ഭ്രാന്ത് പിടിച്ചപോലെയായി. റോഡിലും കാടുപിടിച്ച ഭാഗത്തും കൂട്ടുകാരിയെത്തേടി കുരച്ചുകൊണ്ട് തലങ്ങും വിലങ്ങും ഓടി. 'ആരോ' എന്ന മൃഗസ്നേഹികളുടെ കൂട്ടായ്മയെ സന്തോഷ് വിവരം അറിയിച്ചു. വോളണ്ടിയർ ജോബിൻ കാറുമായെത്തി വീട്ടിലേക്കു കൊണ്ടുപോയി.
ക്ളൈമാക്സ്
സമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റും വിവരം അറിഞ്ഞ തലപ്പള്ളിൽ ശാന്തമ്മ ജോബിന്റെ വീട്ടിലെത്തി. ''ഞങ്ങടെ ലക്കിയും മണിയുമാണ്. ലക്കിയെ തിരികെ വേണം. മണിയെ സവാരിക്ക് വിടാറില്ലായിരുന്നു, പക്ഷേ, ലക്കി അവളെ കൊണ്ടുപോയി.''. അതുകേട്ട ലക്കി ശാന്തമ്മയുടെ തോളിലേക്കുചാടിക്കയറി. നക്കിയും മുഖം ചേർത്തും സങ്കടക്കെട്ടഴിച്ചു. പിന്നെ, മണിയില്ലാതെ വീട്ടിലേക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |