ജനീവ: കൊവിഡ് വ്യാപനത്തിന് വാക്സിൻ സമ്പൂർണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ തടയാൻ തത്കാലം ഒരു ഒറ്റമൂലി ,ഇപ്പോൾ ലോകത്തിനുമുന്നിൽ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ,ടെഡ്രോസ് അദാനോം പറഞ്ഞു. ഒരിക്കലും അത്തരമൊരു ഒറ്റമൂലി പരിഹാരം ഉണ്ടായില്ലെന്നും വരാം. നിരവധി വാക്സിനുകൾ അവസാനഘട്ട പരീക്ഷണങ്ങളിലാണ്. അവയുടെ ഫലം കാക്കുമ്പോൾ തന്നെ സാമൂഹിക അകലവും വ്യാപക പരിശോധനകളും അടക്കമുള്ള പ്രതിരോധം കർശനമായി തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു മാസങ്ങൾക്ക് മുമ്പ് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് അടിയന്തര സമിതി കൂടുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൊവിഡ് രോഗികൾ അഞ്ചു മടങ്ങ് വർദ്ധിച്ച് 1.84 കോടിയായി. കൊവിഡ് മരണങ്ങൾ മൂന്നിരട്ടിയായി 6.9 ലക്ഷത്തിലെത്തിയെന്നും ടെഡ്രോസ് പറഞ്ഞു.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം 1,81,02,671 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 6,89,625പേർ മരിച്ചു.
വീടിനുള്ളിലും മാസ്‌ക്
നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും കൊറോണ വൈറസ് അസാധാരണമായ തരത്തിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എല്ലായിടത്തും അതീവ ശ്രദ്ധ ചെലുത്തണമെന്ന് വൈറ്റ് ഹൗസിലെ കൊവിഡ് വിദഗ്ദ്ധർ. അമേരിക്കയുടെ ചില പ്രദേശങ്ങളിൽ കൊവിഡ് അതിവേഗം വ്യാപിക്കുകയാണ്. എല്ലായിടത്തുനിന്നുമുള്ള വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യപ്രവർത്തകർ ശ്രമിക്കുകയാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. നഗരങ്ങളിൽ താമസിക്കുന്നവർ ഒരിക്കലും വൈറസിൽനിന്ന് രക്ഷ നേടാവുന്ന സാഹചര്യത്തിലല്ല. അതിനാൽ അവിടെയുള്ളവർ വീടിനുള്ളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം.-വിദഗ്ദർ പറഞ്ഞു.
അമേരിക്ക നല്ല നിലയാണ്
ഇന്ത്യ ഭയങ്കര പ്രശ്നത്തിലും: ട്രംപ്
വാഷിംഗ്ടൺ: കൊവിഡ് പ്രതിരോധത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്ക 'വളരെ നല്ല രീതിയിലാണെന്ന്' പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കൊവിഡിനെ നേരിടുന്നതിൽ ഇന്ത്യ ഭയങ്കര പ്രശ്നത്തിലാണ്. ചൈനയാകാട്ടെ, അണയാൻ പോകുന്ന ദീപത്തിന്റെ ആളിക്കത്തലിലാണ്. മറ്റു വികസിത രാജ്യങ്ങളെ വച്ചുനോക്കുമ്പോൾ രോഗത്തെ നേരിടുന്ന വിഷയത്തിൽ അമേരിക്ക നല്ല നിലയിലാണ്."- ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങളിലൊക്കെ വളരെയധികം പ്രശ്നങ്ങളുണ്ട്. നമ്മൾ കൊവിഡിനെ വളരെ വിജയകരമായ രീതിയിലാണ് നേരിടുന്നത്. 60 മില്യൺ ആളുകളെയാണ് നമ്മൾ ഇതുവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇപ്പോൾ 5 മുതൽ 20 മിനിട്ടിനുള്ളിൽ റിസൽട്ട് അറിയുന്ന റാപ്പിഡ് ടെസ്റ്റും തുടങ്ങി. മറ്റൊരു രാജ്യവും ഇങ്ങനെ ചെയ്തിട്ടില്ലെന്നും ട്രംപ് പറയുന്നു.
കൊവിഡ് മീറ്റർ
ആകെരോഗികൾ: 1.84 കോടി
മരണം: 6.98 ലക്ഷം
രോഗമുക്തർ: 1.17 കോടി
(രാജ്യം - രോഗികൾ - മരണം)
അമേരിക്ക: 48.62 ലക്ഷം - 1.58 ലക്ഷം
ബ്രസീൽ:27.51 ലക്ഷം - 94,702
ഇന്ത്യ: 18.61 ലക്ഷം - 39,044
റഷ്യ:8.61 ലക്ഷം - 14,351
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |