പത്തനംതിട്ട: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെ ആചാരപരമായ വള്ളസദ്യ നടത്തുമെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷത്തെ ആറന്മുള വള്ളസദ്യ, തിരുവോണത്തോണി വരവേൽപ്പ്, ഉത്രട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്തുന്നത് സംബന്ധിച്ച വീഡിയോ കോഫറൻസിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.
ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി ചടങ്ങുകൾ മാത്രം നടത്തുന്നതിനായി ഈ മാസം 15ന് തിരുവോണത്തോണി വരവേൽപ്പിനെ സംബന്ധിച്ചും ആറന്മുള ഉത്രട്ടാതി ജലോത്സവത്തെ സംബന്ധിച്ചും തീരുമാനമെടുക്കുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പൊലീസ് മേധാവി, ഡി.എം.ഒ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരും. സെപ്തംബർ 10ന് രാവിലെ 11ന് നടത്താനിരിക്കുന്ന അഷ്ടമി രോഹിണി വള്ളസദ്യ തെരഞ്ഞെടുക്കപ്പെട്ട 50 പേരെ മാത്രം ഉൾപ്പെടുത്തി ചടങ്ങുകൾ പരിമിതപ്പെടുത്തി നടത്താൻ യോഗത്തിൽ തീരുമാനമായി.
ആറന്മുള വള്ളസദ്യ വഴിപാടുകൾ ഒക്ടോബർ നാല് വരെയുള്ള കാലാവധിക്കുള്ളിൽ അനുകൂലമായ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 50 പേരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ദിവസം മാത്രമായി പരിമിതമായ ചടങ്ങുകളോടുകൂടി നടത്താൻ യോഗത്തിൽ തീരുമാനമായി. ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് കൊവിഡ് പരിശോധന നടത്തുന്നത് സംബന്ധിച്ചും പൊലീസ്, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് തുടങ്ങിയ വിഭാഗത്തിന്റെ സാന്നിദ്ധ്യത്തെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കൃഷ്ണകുമാർ, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമൻ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമൻ, ജില്ലാ പഞ്ചായത്തംഗം ലീല മോഹൻ, അടൂർ ആർ.ഡി.ഒ എസ്.ഹരികുമാർ, തഹസീൽദാർമാരായ ഓമനക്കുട്ടൻ, മിനി കെ. തോമസ്, ജില്ലാ ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാർ, അസി.ദേവസ്വം കമ്മിഷണർ അജിത്, ഡിഎം.ഒ (ആരോഗ്യം) ഡോ.എ.എൽ.ഷീജ, ഡി.ഡി.പി എസ്.ഷാജി, ഡിവൈ.എസ്.പി എസ്.സജീവ്, ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
കരകൾക്ക് 10000 രൂപ വീതം
52 പള്ളിയോട കരകൾക്കുള്ള 10000 രൂപ വീതമുള്ള ഗ്രാന്റ് 15ന് മുമ്പ് കരക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. 52 കരകളിലെയും സാമൂഹ്യ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഓരോ കുട്ടിക്കും 3000 രൂപ വീതമുള്ള വിദ്യാഭ്യാസ ധനസഹായം ഓണത്തിനുമുമ്പ് നൽകും. 2018 ലെ മഹാപ്രളയത്തിന് ശേഷം സർക്കാരിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന ഗ്രാന്റ് ലഭിച്ചിരുന്നില്ല. പള്ളിയോട സേവാസംഘത്തിന്റെയും വീണാ ജോർജ്ജ് എം.എൽ.എയുടെയും നിരന്തര ശ്രമഫലമായി പത്തുലക്ഷം രൂപ സർക്കാരിൽ നിന്ന് ലഭിച്ചതായും പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |