തിരുവനന്തപുരം: മിന്നൽ ഹർത്താലുകളെ നിരോധിച്ച ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഹർത്താലുകൾ നിയന്ത്രിക്കാൻ നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ ഓർഡിനൻസ് കൊണ്ടുവരാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സൻ ആവശ്യപ്പെട്ടു.
ഹർത്താലുകൾ പ്രഖ്യാപിക്കുന്നവർ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് ഹർത്താൽ നിയന്ത്രിത നിയമം ഉടനടി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്. ഹർത്താലും മിന്നൽ പണിമുടക്കും നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല. നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലിൽ ഹർത്താൽ പ്രഖ്യാപിക്കാൻ എഴ് ദിവസം മുമ്പ് ഡി.ജി.പിക്ക് നോട്ടീസ് നൽകണമെന്നും ഹർത്താലിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം അത് പ്രഖ്യാപിക്കുന്നവരിൽ നിന്നും ഇടാക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ആകെയുള്ള 200 പ്രവർത്തി ദിവസങ്ങളിൽ 97 ഹർത്താലുകളാണ് നടന്നത്. ഇത് ഹൈക്കോടതി തന്നെ പരിഹാസരൂപേണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പ്രളയാനന്തരം ദുരിതവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന കേരളത്തിന് തൊഴിൽ ദിനങ്ങൾ നഷ്ടമാകുന്നത് വൻ സാമ്പത്തിക തകർച്ചയാകും ഉണ്ടാക്കുകയെന്നും ഹസ്സൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |