കൊച്ചി:സ്വർണക്കത്ത് കേസിൽ എൻ.ഐ.എ കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി രേഖാമൂലം സമർപ്പിക്കുകയും കേസ് ഡയറി ഹാജരാക്കുകയും ചെയ്ത അന്വേഷണ സംഘം രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയെ തകർക്കുന്ന ഭീകരപ്രവർത്തനമാണ് നടന്നതെന്ന് ആവർത്തിച്ച് വ്യക്തമാക്കി. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.
രണ്ടാംപ്രതി സ്വപ്‌നയുടെ ജാമ്യഹർജിയിലാണ് എൻ.ഐ.എയ്ക്കുവേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ വിജയകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
യു.എ.പി.എ കുറ്റം നിലനിൽക്കില്ലെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് എൻ.ഐ.എ അന്വേഷണമെന്നും സ്വപ്നയുടെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ കത്ത് കോടതിയിൽ എൻ.ഐ.എയുടെ അഭിഭാഷകൻ വായിച്ചു. സീനിയറായ ഉന്നത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതും മുഖ്യമന്ത്രിയുടെ ഒാഫീസിലെ ചുമതലയിൽനിന്നും പുറത്താക്കിയതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പേരുപറയാതെ അസി.സോളിസിറ്റർ ജനറൽ പരാമർശിച്ചു.വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന മുഖ്യമന്ത്രിയുടെ നടപടിയിൽ നന്ദിയുണ്ടെന്നും പറഞ്ഞു. വിവിധ ഏജൻസികൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിച്ചുവരികയാണെന്നും ബോധിപ്പിച്ചു. കോടതി ജാമ്യഹർജി ആഗസ്റ്റ് ആറിന് പരിഗണിക്കാൻ മാറ്റി.
കോടതിയുടെ ചോദ്യം
സ്വർണം കടത്തിയത് സാമ്പത്തികകുറ്റം മാത്രമല്ലേ?
എങ്ങനെയാണ് യു.എ.പി.എ പ്രകാരമുള്ള കുറ്റം നിലനിൽക്കുക?
എൻ.ഐ.എയുടെ മറുപടി
നയതന്ത്രബാഗിന്റെ മറവിലുള്ള സ്വർണക്കടത്ത് ഒറ്റപ്പെട്ട സംഭവമല്ല. പലപ്പോഴായി 100കോടി രൂപയിലധികം മൂല്യംവരുന്ന സ്വർണം ഇവർ കടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ തകർക്കുന്ന ഇൗ നടപടി യു.എ.പി.എ നിയമത്തിലെ സെക്‌ഷൻ 15 പ്രകാരം കുറ്റകരമാണ്.
ഭീകരവാദ ബന്ധത്തെക്കുറിച്ച് തുറന്ന കോടതിയിൽ വിശദീകരിക്കാൻ കഴിയില്ല. കേസ് ഡയറിയിൽ തെളിവുകളുണ്ട്. കോടതിക്ക് പരിശോധിച്ച് ബോദ്ധ്യപ്പെടാനാവും. വെറും സാമ്പത്തികകുറ്റകൃത്യമായി കാണരുത്. അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |