കുന്നത്തൂർ : ഏഴാംമൈൽ ജംഗ്ഷനിൽ പോരുവഴി വടക്കേമുറി വീനസ് ഭവനത്തിൽ വീനസ് കുമാറിനെ ആക്രമിച്ച ഗുണ്ടാസംഘം ശൂരനാട് പൊലിസിന്റെ പിടിയിലായി. മൈനാഗപ്പള്ളി വേങ്ങ ഒരിച്ചോലിൽ വീട്ടിൽ സുഭാഷ് (21),പവിത്രേശ്വരം കൈതക്കോട് മിഥുൻ ഭവനത്തിൽ മിഥുൻ (25),കിഴക്കേ കല്ലട കിഴക്കേമുറി ബിനു ഭവനത്തിൽ ബിനു (28),പവിത്രേശ്വരം ചെറുപൊയ്ക മധു ഭവനത്തിൽ വിഷ്ണു (24),കിഴക്കേ കല്ലട ദേവീകൃപയിൽ ജിഷ്ണു (24), ചെറുപൊയ്ക കണ്ടാചരുവിള രാജൻ കുഞ്ഞ് (43) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7.30 ന് വീനസ് കുമാറിന്റെ ആട്ടോറിക്ഷ ഏഴാംമൈൽ ജംഗ്ഷനു സമീപം വച്ച് ബ്രേക്ക് ഡൗണായി.ഈ സമയം ബൈക്കിൽ വരികയായിരുന്ന ഗുണ്ടാസംഘം റോഡിൽ നിന്നും വാഹനം മാറ്റി കൊടുക്കാത്തതിനാൽ വീനസിനോടും ആട്ടോയിലെ യാത്രാക്കാരോടും വാക്കുതർക്കമായി. വീനസിനെ ഗുണ്ടാസംഘം കയ്യിൽ കരുതിയിരുന്ന വടിവാൾകൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഈ സമയം കണ്ടെയ്ൻമെന്റ് സോണുകളിലെ പരിശോധനയ്ക്കായി ശൂരനാട് എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് ജീപ്പ് വരുന്നത് കണ്ട ഗുണ്ടാസംഘം ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു .പ്രതികളെ പിടികൂടാനായി പിൻതുടർന്ന പൊലിസ് വാഹനം കണ്ട സംഘത്തിലെ രാജൻ കുഞ്ഞ് എന്ന പ്രതി ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റുള്ളവരെ അടൂരിലുളള ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും പിടികൂടി. അടൂർ സ്വദേശിയായ യുവാവിനെ ആക്രമിക്കാനായിരുന്നു ക്വട്ടേഷൻ സംഘം ഏഴാംമൈൽ വഴി വന്നതെന്നും മൊഴി നൽകി.എഴുകോൺ പൊലിസ് സ്റ്റേഷനിലെ എസ്.ഐയെ ആക്രമിച്ച കേസിലും നിരവധി കൊലപാതക കേസുകളിലും പ്രതികളാണിവർ. കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |