തിരുവനന്തപുരം: ആത്മാർപ്പണവും കഠിനാദ്ധ്വാനവുമാണ് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയവരുടെ വിജയരഹസ്യം. കൊവിഡ് കാലത്ത് ഇന്റർവ്യൂവിൽ വിജയം കൈപ്പിടിയിലൊതുക്കിയതിന്റെ ആഹ്ളാദത്തിലാണിവർ. ലോക്ക് ഡൗണായതിനാൽ പലരും ഡൽഹിയിൽ ഒറ്റയ്ക്കാണ് ഇന്റർവ്യൂവിന് പോയത്. റാങ്ക് വിവരം അറിഞ്ഞതോടെ പലരും ആവേശത്തിലായി. ആദ്യ പരിശ്രമത്തിൽ 45-ാം റാങ്ക് നേടിയ സഫ്ന നസറുദീൻ പേയാട് പ്ലാവിള സർഫാന മൻസിലിൽ റിട്ട. എസ്.ഐ ഹാജ നസറുദീന്റെയും റംലയുടെയും ഇളയ മകളാണ്. 7 മുതൽ 10 വരെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂൾ പഠനം. മാർ ഇവാനിയോസ് കോളേജിൽ നിന്ന് ഇക്കണോമിക്‌സ് ബിരുദമെടുത്തു. കോളേജിലെ ഏറ്റവും കൂടുതൽ മാർക്ക് സഫ്നയ്ക്കായിരുന്നു. സഫ്നയുടെ മൂത്ത സഹോദരി ഫസീന എംഎസ്.സി ബിരുദധാരിയും രണ്ടാമത്തെ സഹോദരി ഫർസാന ബിഎസ്.സി വിദ്യാർത്ഥിയുമാണ്. ഹൗസ് സർജൻസിക്കുശേഷമാണ് അരുൺ എസ്. നായരിൽ സിവിൽ സർവീസ് മോഹമുദിച്ചത്. മൂന്നാമത്തെ ശ്രമത്തിൽ 55-ാമത് റാങ്കും സംസ്ഥാനത്ത് അഞ്ചാമത്തെ റാങ്കുമായി ഉയരുകയായിരുന്നു. കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു പ്ലസ് ടു വരെ പഠനം. മെഡിക്കൽ എൻട്രസ് പരീക്ഷയിൽ നാലാം റാങ്ക് ലഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു എം.ബി.ബി.എസ് പഠനം. കൊറോണക്കാലമായതിനാൽ അടുത്ത പാൻഡമിക് എപ്പോഴാണെന്ന ചോദ്യമാണ് പ്രധാനമായി ചോദിച്ചത്. 1918 ലായിരുന്നു സ്‌പാനിഷ് ഫ്ലൂ ഉണ്ടായത്. അടുത്ത നൂറുവർഷത്തിനിടെ കൊറോണ പോലെ ഒരു പാൻഡമിക് പ്രതീക്ഷിക്കാമെന്നായിരുന്നു ഉത്തരം നൽകിയത്. പരീക്ഷാഫലമറിഞ്ഞപ്പോൾ അരുണിന് ഒരു വലിയ സ്വപ്‌നം നീന്തിക്കടന്നതിന്റെ ആശ്വാസം. ശ്രീകാര്യം വെഞ്ചാവോട്, ശ്രീനഗർ ഹൗസ് നമ്പർ 835ൽ റിട്ട. ആർമി ഉദ്യോഗസ്ഥനായ സുരേന്ദ്രൻ നായരുടെയും വീട്ടമ്മയായ ബിന്ദു എസ്.നായരുടെയും മകനാണ് ഡോ. അരുൺ. ബംഗളൂരുവിൽ ബിഎസ്.സി ഒന്നാം വർഷ വിദ്യാർത്ഥിയായ അക്ഷയ എസ്. നായർ സഹോദരിയാണ്. 92ാം റാങ്ക് നേടിയ മണ്ണന്തല സ്വദേശി ദേവി നന്ദന കോഴിക്കോട് എെ.എെ.ടിയിൽ നിന്നാണ് ബി. ടെക് പൂർത്തിയാക്കിയത്. പിതാവ് അനിൽകുമാർ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനും അമ്മ പി.വി. വിജയലക്ഷ്മി എം.ജി കോളേജിൽ പ്രൊഫസറുമായിരുന്നു. മൂത്ത ചേച്ചി കാർഗിലിൽ ആർമി ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. മറ്റൊരു സഹോദരി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ബി.സി.എ വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |