തിരുവനന്തപുരം: കൊവിഡ് രോഗത്തിന്റെ സമ്പർക്ക വ്യാപനം കുറയ്ക്കാനുള്ള പൂർണ ചുമതല പൊലീസിന് നൽകിയ സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) രംഗത്ത്. ഇത്തരമൊരു തീരുമാനം കൈക്കൊണ്ട സർക്കാരിന് എവിടെയോ ധാരണപ്പിശക് സംഭവിച്ചിട്ടുണ്ടെന്നും ഇത് അടിയന്തരമായി തിരുത്തിയില്ലെങ്കിൽ കൊവിഡ് പ്രതിരോധത്തിൽ ഇതുവരെ ഉണ്ടായ മേൽക്കൈ നഷ്ടമാകുമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ് 'കേരളകൗമുദി ഫ്ലാഷി'നോട് പറഞ്ഞു. അദ്ദേഹം സംസാരിക്കുന്നു.
കൊവിഡ് ക്രമസമാധാന പ്രശ്നമല്ല
കൊവിഡ് എന്നത് മനുഷ്യരാശിയെ ബാധിച്ചിരിക്കുന്ന ഒരു മഹാമാരിയാണ്. പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമാണിത്. ലാത്തിയുമായി പൊലീസിന് ഇടപെടാൻ തക്ക ക്രമസമാധാന പ്രശ്നമല്ല ഇത്. കൊവിഡ് രോഗത്തെ നിയന്ത്രിക്കേണ്ടതും പ്രതിരോധിക്കേണ്ടതുമെല്ലാം ആരോഗ്യവകുപ്പാണ്. അവർക്ക് വേണ്ട എല്ലാവിധ പിന്തുണകളും നൽകേണ്ടതാണ് പൊലീസിന്റെ ഉത്തരവാദിത്തം. അവർ ആ ജോലി കഴിഞ്ഞ ആറ് മാസക്കാലം നന്നായി ചെയ്യുന്നുണ്ട്. അതിൽ പൊലീസിനെ അഭിനന്ദിക്കുന്നു.
തകർന്നു പോകും മനോവീര്യം
കൊവിഡിന്റെ ആരംഭം മുതൽ ആരോഗ്യപ്രവർത്തകരും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. അവരുടെ പ്രവർത്തനം കൊണ്ടുമാത്രമാണ് രോഗത്തെ വലിയതോതിൽ പിടിച്ചുനിറുത്താനായത്. സർക്കാർ പൂർണ പിന്തുണയും നൽകുന്നുണ്ട്. എന്നാൽ, ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. സമ്പർക്ക രോഗികളുടെ എണ്ണം കൂടുകയും അതിലൂടെ സമൂഹവ്യാപനം ഉണ്ടാകുകയും ചെയ്യന്ന സ്ഥിതയുണ്ടായാൽ കൂടുതൽ ടെസ്റ്റുകൾ നടത്തി രോഗബാധിതരെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്. ആരോഗ്യ വിഷയത്തിൽ പരിശീലനമുള്ളവരാണ് അത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. അതിന് വേണ്ട സഹായങ്ങളാണ് പൊലീസ് നൽകേണ്ടത്.
ആലോചിക്കാമായിരുന്നു
ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുമായി സർക്കാരിന് ആലോചിക്കാമായിരുന്നു. സർക്കാരിന്റെ തീരുമാനത്തോട് ആരോഗ്യവകുപ്പും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പൊലീസിലെ ഒരു വിഭാഗവും ഇതിനോട് എതിരാണ്. ഈ സാഹചര്യത്തിൽ തീരുമാനം പിൻവലിച്ച് സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആരോഗ്യപ്രവർത്തകരെ തിരികെ ഏൽപിക്കണം.
പൊലീസ് സഹായിക്കണം
ജനങ്ങൾ നിയമങ്ങൾ അനുസരിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതും നിയമപരിപാലനവും
പൊലീസ് തന്നെയാണ് നട ത്തേണ്ടത്. ക്വാറന്റൈൻ ലംഘനമുണ്ടായാലോ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാലോ പൊലീസ് ഇടപെടട്ടെ. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം നടത്തുമ്പോഴും ആരോഗ്യ പ്രവർത്തകരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണം. ഇത്തരം പ്രദേശങ്ങളിൽ നിന്നും ആശുപത്രികളിലേക്ക് ജോലിക്ക് പോകാൻ നിയന്ത്രണങ്ങളുടെ പേരിൽ ആരോഗ്യ പ്രവർത്തകരെ അനുവദിക്കാത്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവരിൽ നിന്നും പിഴ ഈടാക്കുന്ന അവസ്ഥവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ ആരോഗ്യപ്രവർത്തകരെ മാനസികമായി തകർക്കും. അതിനാൽ ഈ കാര്യങ്ങളിൽ പുനരാലോചന വേണം.
ടെസ്റ്റുകൾ കൂട്ടണം
ടെസ്റ്റുകളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കാതെ പോസിറ്റീവ് രോഗികളെ കണ്ടെത്താനും
മാറ്റിപാർപ്പിക്കാനും സാദ്ധ്യമല്ല. ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കൂടി
വ്യാപകമായി ടെസ്റ്റുകൾ നടത്തണം. സ്വ കാര്യ ആശുപത്രികൾക്കും ലാബുകൾക്കും അനുമതി ഉദാരമാക്കണം കൊവിഡ് ടെസ്റ്റിന് തയ്യാറായ സ്വകാര്യമേഖലയിലെ സംരംഭകർക്ക് അപേക്ഷ നൽകിയിട്ടും ഉണ്ടാകുന്ന കാലതാമസം പരിഹരിക്കണം. ടെസ്റ്റുകൾ നടത്തുന്ന അന്നുതന്നെ ഫലം ലഭ്യമാക്കേണ്ടതും രോഗബാധിതരെ ഏറ്റവും വേഗത്തിൽ ഐസൊലേറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കിൽ നിരീക്ഷണത്തിൽ പോലും ഇല്ലാത്ത ഇവരിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് പകരും.
സുരക്ഷാഉപകരണങ്ങൾക്ക് ദൗർലഭ്യം
ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നതിനെ ആശങ്കയോടെയാണ് കാണുന്നത്. സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച വന്നിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്ക് എൻ95 മാസ്‌ക്, ഫേസ് ഷീൽഡ് പോലെയുള്ള സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |