ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. നിലവിൽ 20,06,760 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 49 ലക്ഷം കൊവിഡ് ബാധിതരുമായി യു.എസും 28 ലക്ഷം കൊവിഡ് ബാധിതരുമായി ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
ജൂലായ് 28ന് ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നിരുന്നു. വെറും ഒമ്പത് ദിവസത്തിനിടെ 5 ലക്ഷം പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ശരാശരി 50,000 പുതിയ കേസുകളാണ് ഇപ്പോൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെയോടെ പുതിയ 56,000 കേസുകൾ കൂടി കൂട്ടിച്ചേർത്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 19.65 ലക്ഷം ആയിരുന്നു. ഇതേവരെ 13.28 ലക്ഷം പേർ രോഗമുക്തരായി. 41,000 ത്തിലേറെ പേർ മരിച്ചു.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവയാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള അഞ്ച് സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ മാത്രം 4.6 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിൽ ഇന്ന് 1,299 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 1.41 ലക്ഷം കടന്നു. ഇതേവരെ 4,059 പേർ മരിച്ച ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേർക്കാണ് ജീവൻ നഷ്ടമായത്.
കഴിഞ്ഞ ആഴ്ച, ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ തുടങ്ങിയ നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |