തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മദ്ധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപക നാശം. കണ്ണൂർ ഇരിട്ടിയിലും കോട്ടയത്ത് പൂഞ്ഞാർ അടിവാരത്തും ഉരുൾപൊട്ടി. മിക്ക ജില്ലകളിലും അണക്കെട്ടുകൾ നിറഞ്ഞതോടെ നദികളുടെ തീരമേഖലകളിലെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ വീണ് പലേടത്തും വൈദ്യുതിബന്ധം നിലച്ചു. തലസ്ഥാനത്ത് നെടുമങ്ങാടിനു സമീപം ഉഴമലയ്‌ക്കലിൽ ബൈക്കിനു മീതെ മരം വീണ് കെ.എസ്.ഇ.ബി ജീവനക്കാരൻ അജയൻ (45) മരണമടഞ്ഞു.
തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപംകൊണ്ടതോടെ വരുംദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കേന്ദ്ര ജല കമ്മിഷൻ സംസ്ഥാനത്ത് പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന സർക്കാരും മുന്നൊരുക്കങ്ങൾ തുടങ്ങി.
കഴിഞ്ഞ പ്രളയകാലത്ത് ഉരുൾപൊട്ടി 59 പേർ മരിച്ച മലപ്പുറം കവളപ്പാറയിലും, 17 പേർ മരണമടഞ്ഞ വയനാട് മേപ്പാടി പുത്തുമലയിലും അതിതീവ്രമഴ തുടരുകയാണ്. കവളപ്പാറ മേഖലയിൽ 104 കുടുംബങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി. നിലമ്പൂർ, ഏറനാട്, പൊന്നാനി താലൂക്കുകളിലായി എട്ട് ക്യാമ്പുകൾ തുറന്നു. ദേശീയ ദുരന്ത നിവാരണ സേന നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നു.
വയനാട്ടിൽ പുത്തുമല, ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബാണാസുരസാഗർ അണക്കെട്ട് തുറന്നുവിട്ടു.അതിർത്തി മേഖലയായ കർണാടകത്തിലെ കുടകിൽ ഉരുൾപൊട്ടി നാലു പേരെ കാണാതായി. കനത്ത മഴ കണ്ണൂർ, കാസർകോട്, ദക്ഷിണ കർണാടക ജില്ലകളിൽ കനത്ത നാശം വിതച്ചു. ഇരിട്ടി മാക്കൂട്ടം വനമേഖലയിൽ ഉരുൾപൊട്ടി.
ഇടുക്കിയിൽ തുടരുന്ന കനത്ത മഴയിൽ, മാട്ടുപ്പെട്ടിയിൽ മരം വീണ് സ്കൂൾ ബസുകൾ തകർന്നു. നേര്യമംഗലത്ത് മലവെള്ളപ്പാച്ചിലിൽ പുഴയിലൂടെ കാട്ടനയുടെ മൃതദേഹം ഒഴുകിയെത്തി. പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഇന്നു രാവിലെ 10ന് തുറക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് മൂന്ന് അടി ഉയർന്ന് 2347 അടിയിലെത്തി. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 123.2 അടിയായി. ജില്ലയിൽ രാത്രി ഏഴു മുതൽ രാവിലെ ആറു വരെ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും 145 വീടുകൾ തകർന്നു. ആലപ്പുഴയിൽ തുടരുന്ന മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ഒരു വീട് പൂർണ്ണമായും 50 വീടുകൾ ഭാഗികമായും തകർന്നു. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. പമ്പയിലും മണിമലയാറിലും ജലനിരപ്പുയർന്നു. മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി.
തൃശൂർ ചാലക്കുടി മോതിരക്കണ്ണിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് നിരവധി വീടുകൾക്ക് നാശം സംഭവിച്ചു.
മഴ ശക്തമായ പാലക്കാട് ജില്ലയിലെ മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. അട്ടപ്പാടിയിൽ മരംവീണ് വീടുകൾ തകർന്നു. പ്രളയസാദ്ധ്യ കണക്കിലെടുത്ത് കേന്ദ്ര ദുരന്തപ്രതികരണ സേനയുടെ പ്രത്യേക സംഘം പാലക്കാട്ടെത്തി.
കോട്ടയത്ത് ഇന്നലെ ശക്തമായ മഴയുണ്ടായെങ്കിലും നാശനഷ്ടമില്ല. പൂഞ്ഞാർ അടിവാരത്ത് ഉരുൾപൊട്ടിയതിനെ തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നു. എറണാകുളം ജില്ലയിൽ മഴയും കടൽക്ഷോഭവും ശക്തമായി. പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയർന്നതോടെ അപകട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
കാർ ഒഴുക്കിൽപെട്ട് രണ്ട് യുവാക്കളെ കാണാതായി
കട്ടപ്പന: വാഗമണ്ണിനു സമീപം നല്ലതണ്ണിയിൽ കാർ ഒഴുക്കിൽപെട്ട് രണ്ട് യുവാക്കളെ കാണാതായി. നാട്ടുകാരായ മാർട്ടിൻ, അനീഷ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടതെന്നുസൂചന.ഇന്നലെ വൈകിട്ട് 6.30 നാണ് സംഭവം. ഏലപ്പാറ സ്വദേശികൾ ഓടിച്ചിരുന്ന കാർ നല്ലതണ്ണിയാറിലെ പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് ഒഴുകിപ്പയെന്നാണ് സംശയം.. വിവരമറിഞ്ഞ് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വാഗമൺ പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് അഗ്നിശമന സേന തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ മുതൽ തിരച്ചിൽ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |