തിരുവനന്തപുരം:സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇനിയെങ്കിലും രാജിവയ്ക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയെന്ന് വ്യക്തമായിരിക്കുന്നു. എൻ.ഐ.എയുടെ നിലപാടിനെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചതുപോലെ മുഖ്യമന്ത്രി ഇനിയും ചെയ്യുമായിരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്തേണ്ടത് എൻ.ഐ.എയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതികൾ, ഐ.ടി സെക്രട്ടറി നടത്തിയ ഇടപാടുകൾ എന്നിവയിൽ സി.ബി.ഐ അന്വേഷണം തന്നെ വേണം. മുഖ്യമന്ത്രിയുടെ രാജിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് ഈ മാസം 10ന് ബൂത്ത്തലത്തിൽ സത്യഗ്രഹം നടത്തും.
സർക്കാർ ഫയലുകളിലെ വിവരങ്ങൾ ചോർന്നാൽ വകുപ്പുസെക്രട്ടറിമാർക്കെതിരെ നടപടിയെടുക്കുമെന്ന ചീഫ്സെക്രട്ടറിയുടെ ഉത്തരവ് ഭരണഘടനയ്ക്കും പാർലമെന്റ് പാസാക്കിയ നിയമങ്ങൾക്കും വിരുദ്ധമാണ്. രാജ്യസുരക്ഷപോലുള്ള വിഷയങ്ങളുമായി ബന്ധമില്ലാത്ത ഏതു ഫയലും ജനങ്ങൾക്ക് പ്രാപ്യമാക്കണമെന്ന വിവരാവകാശ നിയമത്തിന് വിരുദ്ധമാണ് ചീഫ്സെക്രട്ടറിയുടെ ഉത്തരവ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചോർത്തിയതിന് തനിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ വെല്ലുവിളിക്കുകയാണ്. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |