കൊച്ചി: കൊവിഡ് സമയത്തെ നിയന്ത്രണങ്ങളും കർശന പരിശോധനയും മറികടന്ന് സ്വപ്നയ്ക്ക് കേരളം വിട്ട് ബംഗളൂരുവിലേക്ക് പോകാൻ കഴിഞ്ഞത് സ്വപ്‌നയ്ക്ക് സംസ്ഥാന സർക്കാരിലും പൊലിസിലുമുള്ള വലിയ സ്വാധീനമാണ് വ്യക്തമാക്കുന്നതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ചെക്ക് പോസ്റ്റുകളിൽ സ്വന്തം പേരിൽ സ്വപ്‌ന പാസെടുത്തത് പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടായിരുന്നു. രോഗികളെ പോലും ചെക്ക് പോസ്റ്റിൽ പരിശോധിക്കുമ്പോഴാണ് സ്വപ്ന ഒരു തടസവും കൂടാതെ ബംഗളൂരുവിൽ എത്തിയതെന്നും കസ്‌റ്റംസ് പറയുന്നു.
ചെക്ക് പോസ്റ്റിൽ സ്വന്തം ഐ.ഡി കാർഡ് കാണിച്ചിട്ടും സ്വപ്നയെ പൊലീസ് പിടികൂടിയില്ല. കൂട്ട് പ്രതിയ്‌ക്കൊപ്പം സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത് ഗൂഢാലോചനയുടെ തെളിവാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സ്വപ്നയ്ക്ക് സംസ്ഥാനം വിടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ ഭർത്താവും മക്കൾക്കും ഒപ്പമായിരുന്നു തന്റെ യാത്രയെന്ന് സ്വപ്ന കോടതിയിൽ പറഞ്ഞു. തെറ്റ് ചെയ്തതു കൊണ്ടാണ് സംസ്ഥാനം വിട്ടതെന്നത് കസ്റ്റംസിന്റെ അനുമാനമാണ്. കസ്റ്റംസിന്റെ അനുമാനവും തന്റെ ഉദ്ദേശ്യവും ഒന്നല്ലെന്നും സ്വപ്‌ന കോടതിയെ അറിയിച്ചു.
ഒളിവിൽ പോകാനായി തിരുവനന്തപുരത്ത് നിന്ന് സ്വപ്ന നേരെ എത്തിയത് വർക്കലയിലെ പണിതീരാത്ത റിസോർട്ടിലാണ്. അവിടെ പ്രാദേശിക നേതാവിനെ കണ്ടതോടെ അന്ന് രാത്രി തന്നെ എറണാകുളത്തേക്ക് കടന്നു. അവിടെ വച്ച് അഭിഭാഷകനെ കണ്ട ശേഷമാണ് ബംഗളൂരുവിലേക്ക് പോയതെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. സ്വപ്നയുടെ പേരിലുള്ള നീല എസ്-ക്രോസ് വാഹനത്തിലായിരുന്നു യാത്രകളെല്ലാം നടന്നത്. അതിനു ശേഷവും സംസ്ഥാനത്ത് ഒരിടത്ത് പോലും പൊലീസ് പരിശോധന നടത്തുകയോ പിടികൂടുകയോ ചെയ്തില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |