ഇടുക്കി: മൂന്നാർ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ടുള്ള വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. പരിക്കേറ്റവരുടെ ചികിത്സ സർക്കാർ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തവുമായി ബന്ധപ്പെട്ട് 15 പേരുടെ മരണം സ്ഥിരീകരിച്ചതായും 15 പേരെ രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
'രാജമലയിൽ പുലർച്ചയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് വൈദ്യുതിബന്ധം, വാർത്താ വിനിമയ ബന്ധം എല്ലാം തടസപ്പെട്ടിരുന്നു. അതുകൊണ്ട് ദുരന്തം പുറംലോകം അറിയുന്നത് വൈകുന്ന സാഹചര്യമുണ്ടായി. ഇവിടേക്കുള്ള റോഡിലെ പാലം ഒലിച്ചുപോയിരുന്നു. അത് രക്ഷാപ്രവർത്തകർ സ്ഥലത്തെത്താൻ വൈകുന്നതിന് ഇടയാക്കി. സബ്കളക്ടറുടെ നേതൃത്വത്തിൽ നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്.' മുഖ്യമന്ത്രി പറഞ്ഞു.
മണ്ണുമാന്തി യന്ത്രങ്ങളും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള രക്ഷാപ്രവർത്തനം അതീവ ദുഷ്ക്കരമായിരുന്നുവെന്നും നിലവിൽ ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തുന്നതായാണ് റിപ്പോർട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കനത്ത മഴ മുന്നിൽ കണ്ട് സേനയുടെ ഒരു യൂണിറ്റിനെ ഇടുക്കി ജില്ലയിലേക്ക് നിയോഗിച്ചിരുന്നുവെങ്കിലും വാഗമണിൽ കാർ ഒലിച്ചുപോയ സംഭവുമായി ബന്ധപ്പെട്ട് എൻ.ഡി.ആർ.എഫ് അവിടെ രക്ഷാപ്രവർത്തനം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് ഈ സംഘത്തെ രാജമലയിലേക്ക് നിയോഗിക്കുന്നത്. തൃശൂരിലുള്ള എൻ.ഡി.ആർ.എഫ് സംഘത്തെയും രാജമലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഫയർ ഫോഴ്‌സിന്റെ പരിശീലനം ലഭിച്ച അൻപതംഗ സംഘത്തെ എറണാകുളത്തുനിന്നും നിയോഗിച്ചു. ഈ സംഘങ്ങൾ എത്തിച്ചേരാൻ വൈകുന്ന ഘട്ടത്തിൽ ആകാശമാർഗം രക്ഷാപ്രവർത്തനം നടത്താനുള്ള സാദ്ധ്യതയും തേടിയിരുന്നു. മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |