ആയിരം അണുകവിതകൾ തുടർച്ചയായി എഴുതി, മലയാള കാവ്യ ചരിത്രത്തിൽ പുതിയൊരു ഏട് എഴുതിച്ചേർത്തിരിയ്ക്കുകയാണ് പ്രശസ്ത സംരംഭകനും ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയുമായ സോഹൻ റോയ്. 2018 ജനുവരിയിൽ തുടക്കംകുറിച്ച അദ്ദേഹത്തിന്റെ ദൈനംദിന അണുകാവ്യ രചനാ സപര്യ, ഓഗസ്റ്റ് ഒൻപതിന് ആയിരം എണ്ണത്തിലേക്ക് എത്തിനിൽക്കുകയാണ്.
അന്ന് വൈകുന്നേരം ആറരയ്ക്ക്, 'അണുകാവ്യവല്ലിയിൽ ആയിരം പുഷ്പങ്ങൾ " എന്ന് നാമകരണം ചെയ്ത വെബ്ബിനാറിലൂടെയാണ് അദ്ദേഹത്തിന്റെ ആയിരാമത്തെ കവിതയുടെ പ്രകാശനച്ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. സോഹൻ റോയിയുടെ ഫേസ്ബുക്ക് പേജിലൂടെ ഇത് ലൈവായി സംപ്രേക്ഷണം ചെയ്യും.
കവിതാ രൂപത്തിൽ ഉള്ള വരികൾ, സംഗീതം ചെയ്യിപ്പിച്ചെടൂത്ത്, ഓർക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോൾത്തന്നെ വീഡിയോരൂപത്തിലാക്കി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടരവർഷക്കാലമായി ഒരു ദിവസം പോലും ഇടവേളയില്ലാതെ, അതാത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചു പോന്നിരുന്ന "അണുകാവ്യം " എന്ന് പേരിട്ട നാലുവരിക്കവിതകളാണ് ഇപ്പോൾ ആയിരം എണ്ണം തികഞ്ഞിരിക്കുന്നത്. ഈ 'അണുകാവ്യ' വീഡിയോകളിലൂടെ കണ്ണോടിച്ചാൽ കഴിഞ്ഞ ആയിരത്തോളം ദിവസങ്ങളിലുണ്ടായ പ്രധാന സംഭവങ്ങൾ ഒന്നൊന്നായി ആർക്കും ഓർത്തെടുക്കാൻ സാധിക്കും.
ആദ്യകാലത്തെഴുതിയ നൂറ്റി ഇരുപത്തിയഞ്ച് കവിതകൾ ഡി.സി ബുക്സ് 'അണുകാവ്യം' എന്ന പേരിൽ ഇവ ഒരു പുസ്തകമായി പ്രസിദ്ധീകരിയ്ക്കുകയുണ്ടായി . പിന്നീട് അറുനൂറ്റിയൊന്ന് കവിതകൾ പൂർത്തിയായപ്പോൾ, അവ 'അണുമഹാകാവ്യം' എന്ന പേരിൽ, ഒരു പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിരുന്നു.
രണ്ടായിരത്തിപ്പത്തൊൻപതിലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും, തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവലിന്റെ വേദിയിലുമായിരുന്നു പ്രകാശനച്ചടങ്ങുകൾ.
സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന പ്രകാശനച്ചടങ്ങിൽ വച്ച്, പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയാണ് സോഹൻ റോയ് രചിച്ച 'അണുമഹാകാവ്യം ' എന്ന ഈ പുസ്തകം സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഏറ്റു വാങ്ങിയത്.
സലിം കുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീത സംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി.ആർ.ബിജുറാം ആണ് സോഹൻ റോയിയുടെ വരികൾക്ക് സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |