കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ നിർണായക കണ്ണികളെത്തേടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) രണ്ടു ദിവസത്തിനുള്ളിൽ യു.എ.ഇയിലെത്തും. അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം യാത്രാനുമതി നൽകിയിരുന്നു. ഒരു എസ്.പിയും രണ്ടു ഡിവൈ.എസ്.പിമാരും രണ്ട് ഇൻസ്‌പെക്‌ടർമാരുമാണ് സംഘത്തിലുണ്ടാകുക.നയതന്ത്രബാഗേജിൽ സ്വർണം അയച്ച തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ്, മൂവാറ്റുപുഴ സ്വദേശി റബിൻസ് എന്നിവരെ ചോദ്യംചെയ്യുകയാണ് പ്രധാനലക്ഷ്യം. ഫൈസലിനെ ദുബായ് പൊലീസ് പിടികൂടിയെങ്കിലും ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നത് വൈകുകയാണ്. അതിനാലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ എൻ.ഐ.എ സംഘം യു.എ.ഇയിലേക്ക് പോകുന്നത്. ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള ദൗത്യവും സംഘത്തിനുണ്ട്. ഇയാളെ വിശദമായി ചോദ്യംചെയ്‌താലേ സ്വർണക്കടത്തിന്റെ വ്യാപ്തിയും ബന്ധങ്ങളും വ്യക്തമാകുകയുള്ളവെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം.
അറസ്‌റ്റിലായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവർ യു.എ.ഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ് അൽ ഷിമേനി എന്നിവർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇവരിൽനിന്ന് വിവരങ്ങൾ തേടാൻ വിദേശകാര്യ മന്ത്രാലയംവഴി യു.എ.ഇ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിനു മറുപടി ലഭിച്ചില്ലെങ്കിലും ഇരുവരിൽനിന്നും വിവരങ്ങൾ തേടാനും എൻ.ഐ.എ സംഘത്തിന് പദ്ധതിയുണ്ട്. എന്നാൽ യു.എ.ഇ സർക്കാർ അനുവദിച്ചാലേ ഇവരെ കാണാൻപോലും കഴിയുകയുള്ളൂ.സ്വർണം അയച്ച ഫൈസലിനെയും റബിൻസിനെയും ചോദ്യംചെയ്താൽ മാത്രമേ ഇനി അന്വേഷണം മുന്നോട്ടുപോകുകയുള്ളുവെന്നാണ് എൻ.ഐ.എ, കസ്‌റ്റംസ് അന്വേഷണസംഘങ്ങളുടെ നിലപാട്. ഇരുവരെയും വിട്ടുകിട്ടുന്നതിന് കോടതിയിൽ നിന്ന് പ്രൊഡക്‌ഷൻ വാറണ്ടും വാങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |