പത്തനംതിട്ട: പമ്പ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ ഷട്ടറുകൾ അടച്ചു. ജലനിരപ്പ് 55 സെന്റീമീറ്ററാണ് താഴ്ന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറവായതിനാൽ അണക്കെട്ടിലേക്ക് വരുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ട്. ഷട്ടറുകൾ തുറന്നാൽ ജലനിരപ്പ് ഉയരുമെന്ന് ആശങ്കപ്പെട്ടിരുന്ന റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. മഴ ശക്തമായാൽ ഷട്ടറുകൾ വീണ്ടും തുറക്കേണ്ടി വരുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു.
ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ടിന്റെ ആറ് ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. രണ്ട് അടി വീതമായിരുന്നു ഷട്ടറുകൾ ഉയർത്തിയത്. സെക്കന്റിൽ 82 ക്യുബിക് മീറ്റർ വെള്ളമായിരുന്നു പുറത്തേക്ക് ഒഴുക്കിയത്. ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഷട്ടറുകൾ എട്ട് മണിക്കൂർ തുറക്കാൻ ഇന്നലെ ഉച്ചയ്ക്ക് 12മണിക്ക് ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |