തിരുവനന്തപുരം: വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകർക്കതിരെയും അവരുടെ കുടുംബങ്ങൾക്കെതിരെയും വൻതോതിൽ സൈബർ ആക്രമണം നടക്കുന്നതായി ആരോപണം. ഇന്ന് വൈകിട്ട് നടന്ന വാർത്താ സമ്മേളനത്തിലൂടെ മാദ്ധ്യമപ്രവർത്തകർ തന്നെയാണ് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ 'ആരാധകരും' ഇടതുപക്ഷ പാർട്ടികളുടെ അണികളുമാണ് ഇത്തരത്തിൽ സൈബറിടങ്ങളിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി.
എന്നാൽ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടിരുന്നോ എന്ന് ചോദിച്ചപ്പോൾ 'ഇല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകരുടെ സംഘടനയായ കെ.യു.ഡബ്‌ള്യു.ജെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നത് കണ്ടിരുന്നോ എന്ന ചോദ്യത്തിനും 'താൻ അങ്ങനെയൊരു പരാതി കണ്ടിട്ടില്ല' എന്ന് മറുപടി നൽകികൊണ്ട് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പോലും മാദ്ധ്യമങ്ങളെ സോഷ്യൽ മീഡിയ വഴി മാദ്ധ്യമങ്ങളെ അപമാനിക്കുന്ന നിലയാണുള്ളതെന്നും മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകരെ വ്യക്തിപരമായി വേർതിരിച്ച് ആക്രമിക്കുന്നു എന്ന് മാദ്ധ്യമങ്ങൾ ചൂണ്ടികാട്ടി. എന്നാൽ താൻ ആരെയും വ്യക്തിപരമായി ആക്രമിച്ചിട്ടില്ലെന്നും അതാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി മറുപടി നൽകി. ചില മാദ്ധ്യമങ്ങൾക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും അത് വച്ച് അവർ ചില നിലപാടുകൾ കൈക്കൊള്ളുന്നുണ്ടെന്നുമാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയാണ് ഉണ്ടായത്.
പ്രസ് സെക്രട്ടറിയും മാദ്ധ്യമപ്രവർത്തകൻ തന്നെയാണെന്നും മാദ്ധ്യമങ്ങളും അദ്ദേഹവും തമ്മിൽ സംവാദങ്ങൾ ഉണ്ടെങ്കിൽ അത് ഇരുവരും സംസാരിച്ച് തീർക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള സൈബർ ആക്രമണം താങ്കൾ അറിഞ്ഞില്ലേ എന്ന ചോദ്യം ഉയർന്നപ്പോൾ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങളും സൈബർ ആക്രമണവും രണ്ടു കാര്യങ്ങളാണെന്നും അത് സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.
മുഖ്യമന്ത്രി എന്ന സ്ഥാനത്തിരുന്നു കൊണ്ട് മാദ്ധ്യമങ്ങളെ ആക്രമിക്കാൻ വാർത്താസമ്മേളങ്ങളിലൂടെ അണികളോട് അദ്ദേഹം ആഹ്വാനം ചെയ്യുന്നതായി തോന്നുണ്ടെന്നും, മുഖ്യമന്ത്രി ഇത്തരത്തിൽ ആക്രമണം നടത്തുന്നതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പോലും മാദ്ധ്യമങ്ങൾക്കെതിരെ ആക്രമണങ്ങൾക്കു മുതിരുന്നതെന്നും മാദ്ധ്യമപ്രവർത്തകർ സംശയം പ്രകടിപ്പിച്ചു. ഇതിനോട്, വസ്തുതകളെ വസ്തുതകളായി കാണണമെന്നും മാദ്ധ്യമങ്ങൾക്ക് എന്തെങ്കിലും തെറ്റായി ചിത്രീകരിക്കാനുണ്ടെങ്കിൽ അത് ആ വഴിക്കും കാണണം എന്നും അദ്ദേഹം മറുപടി പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |