കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെതിരെ, രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകർക്കാൻ ശ്രമിച്ചതിന് യു.എ.പി.എ (ഭീകര പ്രവർത്തന നിരോധനനിയമം) പ്രകാരം ചുമത്തിയ കുറ്റം പ്രഥമദൃഷ്‌ട്യാ നിലനിൽക്കുമെന്ന് എൻ.ഐ.എ കോടതി വിലയിരുത്തി. സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണിത്.
യു.എ.പി.എ നിയമത്തിലെ സെക്ഷൻ 16 (ഭീകര പ്രവർത്തനത്തിനുള്ള ശിക്ഷ), 17 (ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കൽ), 18 (ഗൂഢാലോചന) എന്നീ കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെ എൻ.ഐ.എ ചുമത്തിയിട്ടുള്ളത്. ഇതിൽ സ്വർണക്കടത്തിൽ നിന്നുള്ള പ്രതിഫലം ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതിനോ, ഉപയോഗിക്കാൻ ലക്ഷ്യമിട്ടതിനോ ഇതുവരെ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ രാജ്യാന്തര ബന്ധങ്ങൾ കണക്കിലെടുത്ത് ഇക്കാര്യം എൻ.ഐ.എ കൂടുതൽ ആഴത്തിൽ അന്വേഷിക്കേണ്ടതുണ്ട്. സ്വപ്നയ്ക്കും മറ്റു പ്രതികൾക്കും ഭീകരരുമായോ തീവ്രവാദ സംഘടനകളുമായോ ബന്ധമുണ്ടെന്നതിനും ഇതുവരെ തെളിവില്ല. സ്വർണക്കടത്ത് നാടിന്റെ സാമ്പത്തികസ്ഥിരത തകർക്കുമെന്ന് സ്വപ്നയ്ക്ക് അറിയാമായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഭീകരപ്രവർത്തന നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി പറഞ്ഞു.
. എയർപോർട്ടിലെ കാർഗോയിൽ കസ്റ്റംസ് പിടികൂടിയ സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടാൻ യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ സ്വപ്ന ഇടപെട്ടതിന് തെളിവുകളുണ്ട്. കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിനു നൽകിയ മൊഴിയിലും, സ്വർണക്കടത്തിൽ സ്വപ്നയ്ക്കു പങ്കുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസ് രാഷ്ട്രീയ പ്രേരിതമല്ല
സ്വർണക്കടത്തു കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സ്വപ്നയുടെ വാദം കോടതി തള്ളി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനു നടുവിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നായിരുന്നു സ്വപ്നയുടെ വാദം. സ്വർണക്കടത്തു കേസിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇൗ സാഹചര്യത്തിൽ സ്വർണക്കടത്ത് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പറയാൻ കഴിയില്ലെന്നും എൻ.ഐ.എ കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |