ന്യൂയോർക്ക്: അമേരിക്കയിൽ ടൈംസ് സ്‌ക്വയറിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ പതാക ഉയർത്തും. യു.എസിലെ ഫെഡറേഷൻ ഒഫ് ഇന്ത്യൻ അസോസിയേഷനാണ് ഇന്ത്യൻ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പദ്ധതിയിടുന്നത്.
ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്ടികട്ട് എന്നിവിടങ്ങളിലെ ഫെഡറേഷൻ ഒഫ് ഇന്ത്യൻ അസോസിയേഷനുകൾ (എഫ്.ഐ.എ) 2020 ആഗസ്റ്റ് 15 ന് ടൈംസിൽ ആദ്യത്തെ പതാക ഉയർത്തൽ ചടങ്ങ് നടത്തി ചരിത്രം സൃഷ്ടിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയുടെ ത്രിവർണ്ണ പതാക പ്രദർശിപ്പിക്കുന്നത് ഇതാദ്യമായാണെന്നും, ന്യൂയോർക്കിലെ കോൺസൽ ജനറൽ ഒഫ് ഇന്ത്യ രൺദീർ ജയ്സ്വാൾ ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കുമെന്നും സംഘടന വ്യക്തമാക്കി. ആഘോഷത്തിന്റെ ഭാഗമായി എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങ് ഓറഞ്ച്, വെള്ള, പച്ച എന്നീ വര്‍ണദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. ഇത് ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ രാജ്യസ്നേഹത്തിന്റെ തെളിവാണെന്നും സംഘാടകർ അറിയിച്ചു.
അസോസിയേഷൻ എല്ലാ വർഷവും ആഗസ്റ്റ് മാസം പരേഡ് സംഘടിപ്പിക്കാറുണ്ട്. മാന്‍ഹട്ടനില്‍ നടക്കുന്ന പരേഡില്‍ രാഷ്ട്രീയ നേതാക്കളുൾപ്പെടെയുള്ള പ്രമുഖര്‍ പതിവായി പങ്കെടുക്കാറുണ്ട്. എന്നാല്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇത്തവണ പരേഡ് ഉപേക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |