തിരുവനന്തപുരം: എസ്.എം.എസിലൂടെ അപകട സൂചനാ മുന്നറിയിപ്പ് നൽകുന്ന മുൻകരുതൽ സംവിധാനം നടപ്പാക്കാനൊരുങ്ങി ആന്ധ്രപ്രദേശ്. പ്രളയ ദുരന്ത സാദ്ധ്യതയുള്ള സ്ഥലങ്ങളിലുള്ളവർക്കായാണ് ഇത്തരത്തിലുള്ള സംവിധാനം നടപ്പാക്കുന്നത്. എന്നാൽ കേരളം ഈ എസ് എം എസ് സംവിധാനത്തെ അവഗണിക്കുകയാണുണ്ടായത്. കേരളത്തിൽ തുടരെ രണ്ട് പ്രളയമുണ്ടായപ്പോൾ ലോകമെമ്പാടും നിന്നും വന്ന കരുതൽ നിർദേശങ്ങളിൽ ഒന്നാണ് ഈ സംവിധാനം.
220 കോടി രൂപ ചെലവ് വരുന്ന ആന്ധ്രപ്രദേശ് ദുരന്ത വിമുക്തി പദ്ധതിയിലാണ് എസ് എം എസ് സംവിധാനമുള്ളത്. മലയാളിയായ ഫൈസൽ എന്ന ഗവേഷകന്റെ നേതൃത്വത്തിലാണ് ആന്ധ്രപ്രദേശിൽ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി ഇങ്ങിനെ
മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ കനത്തമഴയോ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ഫോണിൽ അപകട സൂചന ലഭിക്കുമ്പോൾ സൈറൺ മുഴങ്ങും, മൊബൈൽ വൈബ്രേറ്റ് ചെയ്യും, ശബ്‌ദസന്ദേശം വരും. ലോകബാങ്ക് സഹായത്തോടെയാണ് മൂന്നുവർഷം കൊണ്ട് പൂർത്തിയാവുന്ന പദ്ധതി തയ്യാറാക്കുന്നത്. രണ്ടു മിനുട്ടിനുള്ളിൽ സംസ്ഥാനത്തെ മൊത്തം അലർട്ട് ചെയ്യിക്കാം. ഏത് പ്രദേശത്താണോ ആവശ്യമുള്ളത് അവർക്ക് മാത്രമാണ് സന്ദേശം ലഭിക്കുക.
മൊബൈൽ നമ്പർ സമാഹരിക്കും
അലർട്ട് നൽകുന്നതിനായി ദുരന്തസാദ്ധ്യതാമേഖലയിലുള്ളവരുടെ മൊബൈൽ നമ്പർ ശേഖരിച്ച് വിവിധ വിഭാഗങ്ങളിലായി ഗ്രൂപ്പ് ചെയ്യും. ഒരു പ്രത്യേക സ്ഥലത്ത് നിശ്ചിത അളവിൽ മഴ പെയ്താൽ വെള്ളപ്പൊക്കമോ, മണ്ണിടിച്ചിലോ ഉണ്ടാകുമോ, എവിടെയാണ് വെള്ളം കയറുക, ഒരു പ്രത്യേക ടൗൺ എത്ര സമയത്തിനുള്ളിൽ വെള്ളത്തിലാകും തുടങ്ങിയ വിവരങ്ങളെല്ലാം നൽകാനാകും. ദുരന്തസാദ്ധ്യതയുള്ള സ്ഥലത്ത് വീടുകൾ പണിയാൻ അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |