തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് പൊലീസ് ഒരുങ്ങുന്നു. കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ സർക്കാർ പൊലീസിനെ ഏൽപിച്ചതോടെ ഇനി നിലവിലെ രീതിയിൽ മുന്നോട്ട് പോകാനില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേരുന്നുണ്ട്. എ.ഡി.ജി.പിമാർ, ഐ.ജിമാർ, ഡി.ഐ.ജിമാർ തുടങ്ങിയ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. മറ്റ് ജില്ലകളിലെ എസ്.പിമാർ അടക്കമുള്ള ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസ് വഴിയാകും യോഗത്തിൽ പങ്കെടുക്കുക. നിലവിലെ പ്രവർത്തന രീതി മാറ്റണമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ സമ്പർക്ക പട്ടിക തയ്യാറാക്കൽ പൊലീസിന് എളുപ്പമല്ലെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ഇതും യോഗം ചർച്ച ചെയ്യും. റെസിഡന്റ്സ് അസോസിയേഷനുകളും മറ്റ് സംഘടനകളുമായി സഹകരിച്ച് പ്രതിരോധത്തിനായി പുതിയ സംവിധാനം കൊണ്ടുവന്നേക്കും.
അനാവശ്യമായി പുറത്തിറങ്ങിയാൽ പിടിവീഴും
പൊലീസിനെ നിയോഗിച്ചിട്ടും കണ്ടെയ്ൻമെന്റ് സോണുകൾ അടക്കമുള്ള രോഗവ്യാപന മേഖലകളിൽ ജനങ്ങൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നുണ്ട്. ഇനി ഇത് അനുവദിക്കില്ല. ഇവിടങ്ങളിൽ അടക്കമുള്ള സ്ഥലങ്ങളിൽ എക്സിറ്റ്, എൻട്രി വഴികൾ പൊലീസ് തീരുമാനിക്കും. മറ്റ് ചെറിയ വഴികൾ പോലും അടച്ച് കനത്ത സുരക്ഷ ഏർപ്പെടുത്താനാണ് നീക്കം. രോഗവ്യാപനം കൂടിയ ഏതെങ്കിലും പ്രദേശത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ആവശ്യമായി വന്നാൽ അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കും. അതിവേഗം രോഗവ്യാപനം നടക്കുന്ന പ്രദേശങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പലരും പാലിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിലുൾപ്പടെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങൽ, സാമൂഹിക അകലം പാലിക്കാതിരിക്കുക, അനാവശ്യ യാത്രകൾ നടത്തുക എന്നിവയ്ക്കെല്ലാം ഇനിമുതൽ കടുത്ത നടപടികളാവും നേരിടേണ്ടി വരിക. ഏതെങ്കിലും പ്രദേശത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ആവശ്യമായി വന്നാൽ ജില്ലാ പൊലീസ് മേധാവി ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിച്ചുകൊണ്ട് നടപടിയെടുക്കും.
ഗ്രാമമേഖലയിലും സുരക്ഷാ കണ്ണ്
നിലവിൽ രോഗബാധ അതിരൂക്ഷമായ നഗരപ്രദേശങ്ങളിലാണ് പൊലീസ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് എന്നാൽ ഗ്രാമീണ -മലയോര മേഖലകളിൽ കൊവിഡ് ചട്ടങ്ങൾ പാലിക്കാതെയുള്ള ജനങ്ങളുടെ കൂട്ടംകൂടലിനും യഥേഷ്ട സഞ്ചാരത്തിനും ഇടയാക്കിയിട്ടുണ്ട്. അതിതീവ്ര രോഗവ്യാപനം ഗ്രാമങ്ങളിൽ ഇല്ലെങ്കിലും ഇത് അനുവദിക്കാനാകില്ലെന്ന് റൂറൽ എസ്.പിമാർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇനിമുതൽ ഗ്രാമങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കും. കവലകളിലും മറ്റും കൂട്ടം കൂടുന്നത് അനുവദിക്കില്ല. ഗ്രാമപ്രദേശങ്ങളിലെ പച്ചക്കറി മാർക്കറ്റുകളിലും പലചരക്ക് കടകളിലുമടക്കം സാമൂഹിക അകലം പാലിക്കാതെയുള്ള വിൽപനയാണ് നടക്കുന്നതെന്ന് പല കോണുകളിൽ നിന്നും പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിക്കുകയും ശരിയെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമങ്ങളിലെ നിരീക്ഷണവും കർശനമാക്കുന്നത്.
ക്വാറന്റൈൻ ലംഘനം
ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ ഇനിമുതൽ കർശന നടപടികൾ ആയിരിക്കും സ്വീകരിക്കുക. ഇവർക്ക് മേൽ എന്ത് നടപടി എടുക്കണമെന്ന കാര്യം ഇന്ന് ചേരുന്ന യോഗത്തിലുണ്ടാകും. നിലവിൽ കേസ് എടുക്കുക മാത്രമാണ് ചെയ്യുന്നത്. ഇതുപോരെന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥർക്കുള്ളത്. തീരദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോസ്റ്റൽ പൊലീസ് അദ്ദേഹത്തിനു പിന്തുണ നൽകും. ഇതിനു പുറമേ ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ മാസ്‌ക് ധരിക്കാൻ പ്രേരിപ്പിക്കുന്നതുൾപ്പെടെ ശക്തമായ ബോധവത്കരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |