തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടം രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. രാജമലയിലെ ഉരുള്‍പൊട്ടലിന്റെ ദുരന്തവാര്‍ത്തയ്ക്ക് പിന്നാലെയാണ് വിമാനാപകടത്തിന്റെ വാര്‍ത്തയും വരുന്നത്. എന്നാല്‍ സമീപവാസികളുടെ സമയോചിതമായ ഇടപെടലും രക്ഷാപ്രവര്‍ത്തനവും നിരവധി ജീവനുകളാണ് രക്ഷിച്ചത്. സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ ആദരം അര്‍പ്പിക്കുകയുണ്ടായി.
മറ്റൊരു അപകടവും അതിന് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഇടപെടലുമാണ് ഇപ്പോൾ ഒരു മാദ്ധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഓഫീസില്‍ നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് കൊട്ടാരക്കരയ്ക്ക് സമീപം നടന്ന ഒരു അപകടത്തെ കുറിച്ചാണ് മാദ്ധ്യമപ്രവർത്തകൻ കുറിച്ചിരിക്കുന്നത്. പിങ്ക് പോലീസ് അറിയാന്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം:
#പിങ്ക്_പോലീസ്_അറിയാന്‍..
എന്നിട്ടും അയാളെ ആശുപത്രിയില്‍ കൊണ്ടുപോയില്ല,
?? ഓഫീസില്‍ നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ആ അപകടം കാണുന്നത്
നല്ല മഴ..
ഒരു കാര്‍ പൂര്‍ണമായി ചരിഞ്ഞു റോഡില്‍ കിടക്കുന്നു..
ചുറ്റും ആളുകള്‍ കൂടി നില്‍പ്പുണ്ട്.
ബൈക്ക് ഒരു സൈഡില്‍ ഒതുക്കി വെച്ചതിന് ശേഷം,
ഞാന്‍, ആ കാറിന്റെ അരികിലേക്ക് ചെന്നു.
കാറില്‍ നിന്ന് പയ്യെ ആളുകള്‍ ഇറങ്ങുന്നുണ്ട്,
ഭാഗ്യം ആര്‍ക്കും വലിയ പരിക്കൊന്നുമില്ല..
അപകടം പറ്റിയ കാറില്‍ നിന്നിറങ്ങിയ ആളോട് ഞാന്‍ എന്താ പറ്റിയതെന്ന് ചോദിച്ചപ്പോള്‍ ,
പെട്ടന്ന് ബ്രേക്ക് ചെയ്തതാണ്,
അപകടമുണ്ടാകാന്‍ കാരണമെന്ന് പറഞ്ഞു..
പോക്കറ്റില്‍ നിന്ന് മൊബൈലെടുത്ത് കുറച്ചു വിഷല്‍സ് എടുത്ത് വാര്‍ത്തകൊടുക്കാന്‍ ഓഫീസിലേക്ക് അയക്കാന്‍ നോക്കിയപ്പോഴാണ്..
അല്പം മാറി കുറിച്ച് ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടത്.
നിയന്ത്രണം തെറ്റിയ ആ കാര്‍
ഒരു വഴിയാത്രക്കാരന ഇടിച്ചിട്ടുണ്ട്,
ബോധമില്ലാത്ത അവസ്ഥയില്‍
അയാള്‍ റോഡിന്റെ ഒരു സൈഡില്‍ കിടക്കുവാണ്..
എത്രയും പെട്ടന്ന് അയാളെ ആശുപത്രിയില്‍ എത്തിക്കണം,
ചുറ്റും നിന്നവരോട് ഈ കാര്യം പറഞ്ഞപ്പോള്‍
ആരും അതിനു ചെവി തരാത്തപോലെ തോന്നി,
വരുന്ന വണ്ടികളിലെ ആളുകളൊക്കെ
മറിഞ്ഞു കിടക്കുന്ന ആ കാറിലേക്ക് നോക്കി പയ്യെ പോവുകയാണ്.
ആരും വണ്ടി നിര്‍ത്തി അയാളെ കൊണ്ടുപോകാന്‍ തയ്യാറായില്ല.
പെട്ടന്ന് പിങ്ക് പോലീസിന്റെ ഒരു കാര്‍ വന്ന് നിര്‍ത്തി,
രണ്ടു വനിതാ പോലീസ്‌കാര്‍ ഇറങ്ങി എല്ലാം ഒന്നു നോക്കി,
അപകടത്തില്‍പെട്ട വാഹനത്തിന്റെ നമ്പര്‍ എഴുതി എടുത്തു,
പിന്നെ ആളുകളുടെ വിവരം തിരക്കി
എന്നിട്ടും അയാളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നില്ല,
അവരോട് അയാളെ ആശുപത്രിയില്‍ കൊണ്ട് പോകണ്ടെയെന്ന് ഞാന്‍ ചോദിച്ചു,
ഒരു വനിതാ പോലിസ് പറഞ്ഞു,
'ആംബുലസ് എല്ലാം കോവിഡ് ഡ്യൂട്ടിയിലാണ്..
വണ്ടി റെഡി ആക്കാം'
(അപ്പോഴും അവര്‍ വന്ന ആ പിങ്ക് കാര്‍ റോഡില്‍ അങ്ങനെ കിടപ്പുണ്ട്)
വീണ്ടും അവര്‍,
ആരാണ് അപകടത്തില്‍പെട്ട വഴിയാത്രക്കാരനെന്ന് തിരിച്ചറിയാനുള്ള ശ്രമം തുടങ്ങി..
അപ്പോഴും ആ പിങ്ക് കളറടിച്ച അവര്‍വന്ന ആ കാര്‍ അവിടെ റോഡില്‍ തന്നെ കിടക്കുന്നുണ്ട്..
അടുത്തുനിന്ന ആളോടായി ഞാന്‍ ചോദിച്ചു,
'ഇയാള്‍ ഇങ്ങനെ കിടന്നാല്‍ എങ്ങനെയാ.
വണ്ടി വല്ലതും ഉണ്ടേല്‍...'
ഉടനെ അയാളെ മറുപടി.
'അത് പിന്നെ ആംബുലന്‍സൊക്കെ വന്ന് കൊണ്ടുപോട്ടെ,
കോവിഡോക്കെയുള്ള സമയമല്ലെ
നമ്മള്‍ എങ്ങനെ കൊണ്ടുപോകും..'
വീണ്ടും ഞാന്‍ വനിതാ പോലീസ്‌കാരോട് എന്തായി എന്ന് ചോദിച്ചു.?
അവര്‍ ബുക്കില്‍ എന്തൊക്കെയോ എഴുതുന്നുണ്ട്.
അവരോട് നിങ്ങളെ വണ്ടിയില്‍ കൊണ്ടു പൊയ്ക്കൂടെയെന്ന് ചോദിച്ചാലോ എന്ന് തോന്നി,
വീണ്ടും അവിടെ ഒരു സീന്‍ ഉണ്ടാക്കേണ്ടയെന്ന് മനപൂര്‍വ്വം ഞാന്‍ തീരുമാനിച്ചു.
അവര്‍ വന്ന ആ കാറില്‍ കൊണ്ടുപോകാന്‍ പറ്റുമെന്ന്.
ഞാന്‍ പറയാതെതന്നെ
അവര്‍ക്ക് അത് അറിയല്ലോ..
എന്നിട്ടും,
എപ്പൊ വരുമെന്ന് പോലും അറിയാത്ത ആംബുലന്‌സിനുവേണ്ടി അവര്‍ കാത്തരിക്കുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് അറിയില്ല.
അപകടത്തില്‍പെട്ടു കിടക്കുന്ന മനുഷ്യനെ ഓര്‍ത്തപ്പോള്‍..
എല്ലാവര്‍ക്കും അയാള്‍ ഒരു വഴിയാത്രക്കാരനാണ്,
ചിലപ്പോ അയാള്‍ ഒരു കുടുംബത്തിന്റെ നെടും തൂണായിരിക്കും,
ഒരച്ഛനായിരിക്കും,
ഭര്‍ത്താവായിരിക്കും
മകനായിരിക്കും
കുറച്ചു കഴിഞ്ഞു ഒരു പോലീസ് ജീപ്പ് വന്നു,
രണ്ടു യുവാക്കളായ പൊലീസുകാര്‍..
ആ വീണുകിടക്കുന്ന മനുഷ്യന്റെ അരികിലേക്കെത്തി,
കാറില്‍ വന്നവര്‍ക്ക് അപകടം പറ്റിയോ എന്നന്വേഷിച്ചു,
പൊലീസ്‌കാരില്‍ ഒരാള്‍ പറഞ്ഞു
'ഇതുവരെ ആംബുലന്‍സ് വന്നില്ലേ..?'
'ഇങ്ങനെ കിടത്തിയ എങ്ങനെയാ..
ജീപ്പില്‍ കയറ്റി പെട്ടന്ന് ഹോസ്പിറ്റല്‍ കൊണ്ടുപോകാം.'
അവര്‍ കോവിഡിനെ ഭയന്നില്ല..
മറ്റു വണ്ടികള്‍ക്ക് വേണ്ടി കാത്തിരുന്നില്ല.
അവര്‍ എത്രയും പെട്ടന്ന് അയാളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായിരുന്നു.
ആ യുവാക്കളായ പൊലീസുകാരെ ഓര്‍ത്തപ്പോള്‍ അഭിമാനം തോന്നി..
പക്ഷേ അപ്പോഴും അപകടം നടന്നിട്ട് 20 മിനിറ്റില്‍ ഏറെയായി..
യുവാക്കളായ ആ പൊലീസുകാര്‍ ചെയ്ത ഈ പ്രവര്‍ത്തി,
അപകടം നടന്നപ്പോള്‍ അവിടെ പോലീസ് കാറിലെത്തിയ വനിതാ പോലീസുകാര്‍ ചെയ്തിരുന്നുവെങ്കില്‍,
ആ പോലീസ് കാറില്‍ അവര്‍ അയാളെ കൊണ്ടുപോകാന്‍ തയ്യാറായാല്‍ മാത്രം മതി,
കൂടെ പോകാന്‍ മനുഷ്യത്വം ബാക്കിയുള്ള ആരെങ്കിലുമൊക്കെ ഉണ്ടായേനെ,
അപകടശേഷം നഷ്ടമാകുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്..
ഇനി അതുവഴി പോകുന്നത്,
മന്ത്രിയുടെ കാര്‍ ആണെങ്കില്‍ പോലും
നിര്‍ത്തണം,
അയാളെ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കണം
ബാക്കി വിവര ശേഖരണം പിന്നീട് ആകമല്ലോ..
ഇനി പിങ്ക് പോലീസ്‌ന്റെ കാറില്‍ അപകടം പറ്റിയ ആളെ കയറ്റാന്‍ പാടില്ല എന്നുണ്ടോ..?
ആ അപകടം പറ്റി കിടന്ന മനുഷ്യന്‍ കൂടി പല രീതിയില്‍ tax അടച്ച പൈസയാണ്
ആ കാറും..
പിങ്ക് കാറില്‍ വന്ന വനിതാ പൊലീസുകാര്‍ അറിയാന്‍,
നിങ്ങള്‍ക്ക് മാത്രമല്ല
നിങ്ങള്‍ വന്ന ആ കാറില്‍ അപകടം പറ്റിയ മനുഷ്യരെയും കയറ്റാം..
ഇതുപോലെ വഴി അരികില്‍ നിങ്ങളുടെ പ്രിയപ്പെട്ട ഒരാളാണേല്‍ നിങ്ങള്‍
ആ കാറില്‍ കൊണ്ടുപോകില്ലേ..?
നിങ്ങള്‍ കണ്ടു പഠിക്കണം,
പിന്നീട് വന്ന ആ 2 പോലീസ് യുവാക്കളെ..
അവര്‍ വന്നിറങ്ങി അപകടന്ന സ്ഥലത്ത് പരിക്കേറ്റ മറ്റാരെങ്ങിലുമുണ്ടോ എന്നുനോക്കിയതിനു ശേഷം
അയാളെയും കൊണ്ടു പോലീസ് ജീപ്പില്‍ തന്നെ ആശുപത്രിയിലേക്ക് പായുകയായിരുന്നു..
തിരികെ ബൈക്ക് ഓടിച്ചു വരുമ്പോള്‍ മനസ്സിലോര്‍ത്തു,
കോവിഡ് ആണ്
അപകടം പറ്റി റോഡില്‍ കിടന്നാല്‍..
ജീവന്‍ പോയാലും ആശുപത്രിയില്‍ എത്തണമെന്നില്ല..
അപകടത്തില്‍ പെട്ട് വഴിയില്‍ കിടക്കുന്ന ഏതൊരാളും മറ്റുള്ളവര്‍ക്ക് വഴിയാത്രക്കാരന്‍ മാത്രമാണ്..
നാളെ ആ അവസ്ഥയില്‍ നമ്മളോ നമ്മുടെ പ്രിയപ്പെട്ട ഒരാളോ കിടക്കുമ്പോഴേ നമുക്ക് അതില്‍ തിരിച്ചറിവ് ഉണ്ടാകു..
കഴിയുന്നതും നേരത്തെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമമാണ് വേണ്ടത്,
( കോവിഡിനെ നേരിടാന്‍ പോലീസ്‌കാര്‍ അഹോരാത്രം കഷ്ടപ്പെടുംമ്പോള്‍ ഇങ്ങനെ എഴുതേണ്ടി വന്നത്,
ഇനിയെങ്കിലും കുറച്ചു പേര്‍ക്കെങ്കിലും തിരിച്ചറിവ് ഉണ്ടാകുവാനാണ്. )
മുന്നിലെ അപകടം കണ്ടിട്ട്
കണ്ടില്ല എന്ന് നടിക്കരുത്,
പിങ്ക് പോലീസ് മാത്രമല്ല,
അത് കണ്ടിട്ടു ആശുപത്രിയില്‍ എത്തിക്കാത്ത വാഹനത്തില്‍ പോയാ എല്ലാവരും ഒന്നൂടെ ചിന്തിക്കുക..
അപകടത്തില്‍പെട്ടു കിടന്നത് നിങ്ങളുടെ പ്രിയപ്പെട്ട ഒരാള്‍ ആയിരുന്നുവെങ്കിലോ.?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |