
ആലപ്പുഴ: എറണാകുളം ചെല്ലാനത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്ക് തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവിനെ വഴിയിലുപേക്ഷിച്ചതായി കണ്ണമാലി പൊലീസിനെതിരെ നൽകിയ മൊഴി തള്ളുന്ന സി.സി ടിവി ദൃശ്യങ്ങളും മെഡിക്കൽ രേഖകളും പുറത്ത്. പരിക്കേറ്റ ആലപ്പുഴ കൊമ്മാടി കളരിക്കൽ വീട്ടിൽ അനിൽ രാജേന്ദ്രനെ (28) ആശുപത്രിയിലെത്തിക്കാൻ പൊലീസ് സഹായിച്ചില്ലെന്നും ബൈക്കിൽ ബെൽറ്റ്കൊണ്ട് കെട്ടിയാണ് അനിലിനെ 20 കിലോമീറ്റർ അകലെയുള്ള ചെട്ടികാട് ആശുപത്രിയിലെത്തിച്ചത് എന്നുമാണ് സുഹൃത്ത് പടിഞ്ഞാറെവെളിയിൽ രാഹുൽ (29) മൊഴി നൽകിയത്.
എന്നാൽ, അപകടസമയത്ത് ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് പുറത്തുവിട്ട സി.സി ടിവി ദൃശ്യങ്ങൾ. ബൈക്കിന്റെ പിന്നിലിരുന്ന് എത്തിയ അനിൽ ആശുപത്രിയിലേക്ക് നടന്നാണ് പ്രവേശിക്കുന്നത്. ബൈക്കിൽ ബെൽറ്റ് ഉപയോഗിച്ച് കെട്ടിയിട്ടില്ലെന്നും ദൃശ്യങ്ങളിൽ കാണാം. അനിലിന്റെ മുഖത്ത് സാരമായി പരിക്കേറ്റ് രക്തമൊലിക്കുന്നത് വ്യക്തമാണ്.
ബൈക്ക് മറിയാൻ കാരണം പൊലീസാണെന്ന് ആരോപിക്കുന്ന യുവാക്കൾ, ചെട്ടികാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നൽകിയ മൊഴി തെരുവുനായ കുറുകെ ചാടിയതുകാരണം ബൈക്ക് മറിഞ്ഞെന്നാണ്. അപകടസമയം തങ്ങൾ മദ്യപിച്ചിരുന്നില്ലെന്ന വാദവും കളവാണെന്ന് വ്യക്തമായി. പരിശോധന നടത്തിയ ഡോക്ടർ, അനിലിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
യുവാക്കളാണ് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ജീപ്പിൽ കയറ്റാൻ സഹായിച്ചത്. ആശുപത്രിയിൽ പോകാനായി ഒപ്പം വരാൻ വിളിച്ചിട്ടും യുവാക്കൾ തയ്യാറായില്ലെന്നും സ്വന്തം നിലയ്ക്ക് പൊയ്ക്കൊള്ളാമെന്നാണ് അറിയിച്ചതെന്നും പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |