ലാഹോർ: സ്വന്തം ജനതയെ അന്യരാജ്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടിക്കുകയാണ് ഇന്ത്യയുൾപ്പെടെയുള്ള പ്രതികരണശേഷിയുള്ള രാജ്യങ്ങളുടെ ശീലം. രാജ്യങ്ങൾ മാത്രമല്ല അവയുടെ സേനാവിഭാഗങ്ങളും ഇതേ മനോഭാവത്തോടെ തന്നെയാണ് സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുക. മെയ് ഒൻപതാം തീയതി, ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറി അധികാരം സ്ഥാപിക്കാൻ തുനിഞ്ഞ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി മേജറിന്റെ മൂക്കിനിടിച്ച് ചോര വരുത്തിച്ച ഇന്ത്യയുടെ ധീരപുത്രൻ ലെഫ്റ്റനന്റ് ബിറോൾ ദാസ് തന്നെയാണ് ഈ പ്രതികരണ ശേഷിക്കുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച ഉദാഹരണം.
എന്നാൽ സ്വന്തം രാജ്യത്തിന്റെ സൈനികരെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പുറംരാജ്യക്കാരോടുള്ള പാകിസ്ഥാന്റെ പെരുമാറ്റം അൽപ്പം വ്യത്യസ്തമായിരുന്നു. കഴിഞ്ഞ ജൂലായ് ഇരുപത്തിയൊന്നാം തീയതിയാണ് സംഭവം നടന്നത്. ചൈനയുമായി ചേർന്ന് പാകിസ്ഥാൻ നിർമിക്കുന്ന വികസന പദ്ധതികളുടെ(സി.പി.ഇ.സി) ഭാഗമായുള്ള ഒരു പ്രൊജക്ടിൽ ജോലി ചെയ്യുകയായിരുന്ന ചൈനീസ് തൊഴിലാളികൾ രണ്ട് പാകിസ്ഥാനി സൈനികരെ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.
തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് സൈനികരും തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന്, സൈനികർക്കുവേണ്ടി ഭവൽപ്പൂരിലെ സ്പെഷ്യൽ ഡ്യൂട്ടി ഡിവിഷൻ, വിങ്ങ് 27 കമാൻഡിങ്ങ് ഓഫീസറായ ലെഫ്റ്റനന്റ് കേണൽ ഇമ്രാൻ ഖാസിം ആണ് ചൈനീസ് തൊഴിലാളികളുടെ ആക്രമണത്തിൽ എന്ത് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാക് സൈന്യത്തിന്റെ 341 ലൈറ്റ് കമാൻഡോ ബ്രിഗേഡ് ആസ്ഥാനവുമായി ബന്ധപ്പെട്ടത്.
എന്നാൽ ഈ വിവരം തങ്ങളുടെ മുതിർന്ന സേനാംഗളെ അറിയിച്ച ഖാസിം അക്ഷരാർത്ഥത്തിൽ ഞെട്ടുകയാണുണ്ടായത്. സംഭവത്തെക്കുറിച്ച് നടപടിയൊന്നും എടുക്കേണ്ടെന്നായിരുന്നു കമാൻഡോ ബ്രിഗേഡ് പ്രതികരിച്ചത്. മാത്രമല്ല, സംഭവത്തിൽ ചൈനീസ് തൊഴിലാളികളെ ചോദ്യം ചെയ്യുന്നതിൽ നിന്നുപോലും പാക് സൈന്യം വിട്ടുനിന്നു. ഒടുവിൽ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മറ്റുള്ളവരിൽ നിന്നുമാണ് ചോദിച്ചറിഞ്ഞാണ് പാക് സൈനിക പ്രതിനിധികൾ സ്ഥിതിഗതികൾ മനസിലാക്കിയത്.
ഇങ്ങനെയൊരു സംഭവം പാകിസ്ഥാനിൽ ആദ്യമായല്ല നടക്കുന്നതെന്നും മുൻപും സി.പി.ഇ.സിയുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലേക്കെത്തിയ ചൈനീസ് പൗരന്മാർ പാക് സേനാംഗങ്ങളെ നിരവധി തവണ അപമാനിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മുൻപും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും സൈന്യം കണ്ണടച്ചിട്ടേയുള്ളൂ. പാക് സൈനിക വാഹനങ്ങൾ ഉപയോഗിച്ച് ചൈനീസ് തൊഴിലാളികളും മറ്റും വേശ്യാലയങ്ങൾ സന്ദർശിച്ചിട്ട് പോലും മിണ്ടാതിരിക്കാൻ മാത്രമേ പാക് ആർമിക്ക് കഴിയുന്നുള്ളൂ എന്നതാണ് സത്യാവസ്ഥ.
ചൈനക്കാരിൽ നിന്ന് കൈക്കൂലിയും മറ്റ് പാരിതോഷികങ്ങളും വാങ്ങുന്ന പാക് സൈനിക മേധാവികൾ ഇതിനു നേരെ കണ്ണടയ്ക്കുമ്പോൾ സാധാരണ സൈനികർക്ക് ഈ അപമാനം സഹിക്കുകയേ നീവൃത്തിയുള്ളൂ. വികസന പദ്ധതികളിലൂടെയും മറ്റും മറ്റ് രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന ചൈനയെ അഴിഞ്ഞാടാൻ വിട്ടാൽ എന്താണ് സംഭവിക്കുക എന്ന് കൂടിയാണ് പാകിസ്ഥാൻ സൈന്യത്തിന്റെ ഇപ്പോഴത്തെ ഈ ദുരനുഭവത്തിലൂടെ വ്യക്തമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |