തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ അണികൾ നൽകുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കൾ ചാനലുകളിൽ ആയുധമാക്കുന്നത് ദോഷകരമാണെന്ന മുന്നറിയിപ്പുമായി സി.പി.ഐ. അണികൾ മാത്രമല്ല, നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുന്ന സ്ഥിതിയിലേക്ക് പോകുന്നത് രാഷ്ട്രീയ ജീർണതയായേ സമൂഹം വിലയിരുത്തൂവെന്നും മാദ്ധ്യമങ്ങളും സംവാദകരും മാന്യതമറക്കുന്നുവെന്നും പാർട്ടി മുഖപത്രത്തിലെ എഡിറ്റോറിയലിൽ സി.പി.ഐ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങൾക്കെതിരെ നടക്കുന്ന സി.പി.എം സൈബർ ആക്രമണങ്ങളെയും അതേ തുടർന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്‌താവനകളെയും പരോക്ഷമായി സൂചിപ്പിച്ചാണ് സി.പി.ഐയുടെ വിമർശനം.
അനിഷ്‌ടം തോന്നിയാൽ അവരെ വ്യക്തിപരമായും കുടുംബപരമായും ആക്ഷേപിക്കുകയോ ആരോപണങ്ങളുന്നയിക്കുകയോ ചെയ്യുന്ന സ്ഥിതിയാണിന്ന് നിലവിലുള്ളത്. വിമർശനങ്ങൾക്ക് പാത്രമായവരാകട്ടെ അതിലേക്ക് നയിച്ച സാഹചര്യത്തിൽ തന്റെ പങ്ക് എന്താണെന്ന് പിന്തിരിഞ്ഞ് അന്വേഷിക്കുന്നില്ല. വിമർശിക്കുന്നവരുടെ തായ്‌വേര് അന്വേഷിക്കുന്നതിൽ രസംകൊള്ളുന്ന നേതൃത്വങ്ങളും അണികളും തങ്ങളുടെ അടിമണ്ണിളകിപ്പോകുന്നതിനേ അത് ഉപകരിക്കൂ എന്ന് ചിന്തിക്കുന്നുമില്ലെന്നാണ് സി.പി.ഐ മുഖപത്രം വിമർശിക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലം മുതൽ ഇങ്ങോട്ട് നോക്കിയാൽ നയങ്ങളുടെയും തത്വങ്ങളുടെയും മൂല്യം തിരിച്ചറിഞ്ഞോ എതിർത്തോ സ്വാർത്ഥതകൊണ്ടോ രാഷ്ട്രീയനിറം മാറുകയും ഭിന്നാഭിപ്രായത്തെ ഏകോപിപ്പിച്ച് പുതിയ സംവിധാനങ്ങളൊരുക്കുകയും ചെയ്യുന്നതെല്ലാം തുടരുകയാണ്. അത് ചികഞ്ഞുപോകുന്നതൊന്നും ഇന്നിന്റെ അജണ്ടയേയല്ലെന്ന് തിരിച്ചറിയുണമെന്നാണ് സി.പി.ഐ നിലപാട്.
ചാനൽ ചർച്ചകളിലെ പരദൂഷണവിശേഷങ്ങൾ വലിയ വിവാദങ്ങളിലേക്കും കൂടുതൽ തർക്കങ്ങളിലേക്കും എത്തിക്കുന്ന ഇടനാഴിയാണിന്ന് സമൂഹമാദ്ധ്യമങ്ങൾ. അരമണിക്കൂറിലും ഒരുമണിക്കൂറിലും ഒതുങ്ങിപ്പോകുന്ന ആനുകാലിക വിഷയങ്ങളിലെ തർക്കങ്ങളെ സമൂഹത്തിന്റെ മുന്നിലേയ്ക്കെറിഞ്ഞുകൊടുക്കുന്നത് സൈബർ കുറ്റകൃത്യമാണെന്ന് പറയുന്നില്ല. അതിന്റെ പേരിൽ പക്ഷം ചേർന്ന് അതിരുകടന്ന പദപ്രയോഗങ്ങളിലൂടെ രാഷ്ട്രീയത്തെയും രാഷ്ട്രീയ നേതൃത്വങ്ങളെയും അപഹാസ്യരാക്കപ്പെടുന്നത് നിയന്ത്രിക്കപ്പെടണമെന്നാണ് സി.പി.ഐ പറയുന്നത്.
രാജ്യത്തിന്റെ പൊതുസ്ഥിതി ചൂണ്ടിക്കാട്ടിയാൽ ആർ.എസ്.എസ്- ബി.ജെ.പി അനുകൂല അക്കൗണ്ടുകളിൽ നിന്ന് പുറംതള്ളപ്പെടുന്ന കമന്റുകളും അതിനെ നേരിടുന്ന ശൈലിയും നിരീക്ഷിക്കപ്പെടേണ്ടതാണ്. കോൺഗ്രസിന്റെ നിയമസഭാസാമാജികർ പോലും തങ്ങൾക്ക് തല്പരരല്ലാത്ത സ്ത്രീകൾക്കെതിരെയും അഭിപ്രായങ്ങൾക്കെതിരെയും നടത്തിയ അശ്ലീല പദപ്രയോഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ടതാണെന്നും പാർട്ടി മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |