ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ചികിത്സകളോട് നേരിയ രീതിയിൽ പ്രതികരിച്ച് തുടങ്ങിയെന്ന് മകനും മുൻ എം.പിയുമായ അഭിജിത്ത് മുഖർജി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
പ്രണബ് മുഖർജിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം കോമയിലാണെന്നും ആശുപത്രി അധികൃതർ ഇന്നലെ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. ഈ മാസം പത്തിനാണ് പ്രണബ് മുഖർജിയെ ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു.
പ്രണബ് മുഖർജി മരിച്ചെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇന്നലെ വ്യാപകമായി പ്രചരിച്ചിരുന്നു. പല പ്രമുഖരും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന കാര്യം മകൻ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |